ഹോട്ടലിൽനിന്നു ചാടിയ നടൻ ഷൈൻ ടോം ചാക്കോ ഇന്നലെ പുലർച്ചെ തന്നെ കൊച്ചി വിട്ടതായി വിവരം. കലൂരിലെ ഹോട്ടലിൽനിന്നും നഗരത്തിലെ മറ്റൊരു നക്ഷത്ര ഹോട്ടലിലേക്കാണ് ഷൈൻ ആദ്യം പോയത്.
അജ്ഞാതന്റെ ബൈക്കിൽ ആയിരുന്നു ഷൈനിന്റെ യാത്ര. ഇവിടെ മുറിയെടുത്ത് തങ്ങിയ ശേഷം പുലർച്ചെയോടെ തൃശൂരിലേക്ക് കടന്നു. നിലവിൽ നടൻ തമിഴ്നാട്ടിലാണെന്നാണ് സൂചന. പൊള്ളാച്ചിയിലെ ഒരു റിസോർട്ടിലാണ് നടൻ മുറിയെടുത്തിരിക്കുന്നത്.
ഡാൻസാഫ് സംഘം ഹോട്ടലിലെത്തിയത് നഗരത്തിലെ മുഖ്യ ലഹരിവിതരണക്കാരനെ തേടിയാണെന്നാണ് വിവരം. ഇയാൾ ഷൈനിന്റെ മുറിയിലായിരുന്നു എന്ന നിഗമനത്തിലായിരുന്നു പരിശോധന. ഡാൻസാഫ് സംഘം മുറിയിലെ വാതിലിൽ തട്ടിയതോടെ ഇവിടെ സർവീസ് വേണ്ട എന്നായിരുന്നു ഷൈനിന്റെ മറുപടി.
പാലക്കാട് സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റാണ് ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്നത്. ഡാൻസാഫ് സംഘം തേടിയ ലഹരിവിതരണക്കാരനെയും പരിശോധനയിൽ കണ്ടെത്താനായില്ല.