പ്ലസ് വണ്‍ പ്രവേശനത്തിന് സംവരണം പരിശോധിക്കാൻ ടി സി മതിയാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ട. കൊല്ലത്ത് വിദ്യാര്‍ഥിയുടെ മുടി മുറിച്ച സംഭവം കേരളത്തിന്റെ സംസ്‌കാരത്തിന് ചേരാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു. സ്കൂളുകളുടെ പ്രവൃത്തിസമയം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു അച്ചടക്കത്തിന്റെ പേരിലും മുടിമുറിക്കുന്നത് പോലുള്ള കാടത്ത നിലപാട് പറ്റില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഹൈക്കോടതി നിര്‍ദേശത്തില്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തിസമയം ദീർഘിപ്പിക്കാനുള്ള തീരുമാനം. റിപ്പോര്‍ട്ട് അംഗീകരിച്ചെങ്കിലും വിഷയം ഒന്നുകൂടി ചര്‍ച്ച ചെയ്യും. ഒരുതവണ കൂടി അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്യും. ഈ ആഴ്ച തന്നെ ഇതില്‍ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബസുകളില്‍ കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ട് ഒരിക്കലും അംഗീകരിക്കില്ല. കണ്‍സെഷന്‍ ഇല്ല എന്ന് കരുതി കുട്ടിയെ ഇറക്കി വിടാന്‍ പാടില്ല. ബസ് കൃത്യമായി സ്റ്റോപ്പില്‍ നിര്‍ത്തണം. സ്‌കൂള്‍ ബസ്സില്‍ രണ്ട് ദിവസം കുട്ടി വന്നില്ല എന്ന് കരുതി ഇറക്കി വിടാന്‍ പാടില്ല.
നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വര്‍ഷവും സീറ്റ് അധികമായിരുന്നു. നിലവില്‍ സീറ്റ് കുറവുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. കുറ്റമറ്റമായ രീതിയില്‍ പ്രവേശന നടപടി പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ല.
മുകേഷ് എം നായര്‍ വിഷയത്തിൽ സ്‌കൂള്‍ മാനേജറോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടും. ഇല്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.