പന്തളം : ജനലക്ഷങ്ങൾ സാക്ഷി.ശ്രീകൃഷണ പരുന്ത് വട്ടമിട്ടു പറന്നു.അയ്യന് ചാർത്തുവാനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെട്ടു.മകരവിളക്കിന് ശബരിമല അയ്യപ്പ സ്വാമിക്ക് ചാർത്തുവാനുള്ള ആഭരണങ്ങളാണിത്.

ഘോഷയാത്രയ്ക്ക് മുന്നോടിയായി പുലർച്ചെ നാലുമണിയോടെ സുരക്ഷിത മുറി തുറന്ന് ആഭരണപ്പെട്ടികൾ പുറത്തെടുത്ത് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയും സംഘവും കർപ്പൂരാഴിയുടെ അകമ്പടിയിൽ ആഭരണങ്ങൾ വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു.

തുടർന്ന് ആഭരണങ്ങൾ ശ്രീകോവിലിനു മുമ്പിൽ ഭക്തർക്ക് ദർശനത്തിനായി തുറന്നുവെച്ചു. ക്ഷേത്രത്തിനു പുറത്തേക്കെടുത്ത് ദേവസ്വം ഓഫീസിൽ സൂക്ഷിച്ച പ്രധാനപെട്ടി ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയും രണ്ടാമത്തെ പെട്ടി മരുതമനയിൽ ശിവൻപിള്ളയും മൂന്നാമത്തെ പെട്ടി കിഴക്കേതോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും ശിരസിലേറ്റി ഘോഷയാത്ര പുറപ്പെട്ടു.

കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി സംഘം ആദ്യ ദിവസം വിശ്രമിക്കും. രണ്ടാംദിവസം ളാഹ വനം വകുപ്പ് സത്രത്തിലെത്തി വിശ്രമിക്കും. മൂന്നാംദിവസം ശരംകുത്തിയിലെത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം അധികാരികൾ സന്നിധാനത്തേക്ക് സ്വീകരിക്കും. തിരുവാഭരണങ്ങൾ ശബരീശ വിഗ്രഹത്തിൽ ചാർത്തും.
