Tomb Opened

ഈ വാർത്ത ഷെയർ ചെയ്യാം

നെയ്യാറ്റിന്‍കര സമാധി വിവാദത്തില്‍ ആറാലുംമൂട് ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നു. ഇരിക്കുന്ന നിലയില്‍ കല്ലറയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് സമീപം ഭസ്മം, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ ഉള്ളതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. നെഞ്ചിന്റെ ഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ഏഴുമണിയോടെ സബ് കലക്ടര്‍ അടക്കമുള്ളവര്‍ എത്തിയതോടെയാണ് ഗോപന്‍ സ്വാമിയെ സമാധിയിരുത്തിയ കല്ലറ തുറന്നത്. കല്ലറ തുറക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘത്തെ വിന്യസിച്ചത്. സമാധി സ്ഥലത്തേക്ക് പ്രവേശനവും നിരോധിച്ചിരുന്നു.

കല്ലറയ്ക്ക് ചുറ്റും ടര്‍പ്പോളിന്‍ കൊണ്ട് മറച്ചിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കല്ലറയില്‍ നിന്നും മൃതദേഹം പുറത്തെടുക്കും. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിലൂടെ മാത്രമേ മരണം എപ്പോള്‍ സംഭവിച്ചു എന്നതിലടക്കം വ്യക്തത ലഭിക്കുകയുള്ളൂ. ഇതോടൊപ്പം മൃതദേഹം ഗോപന്‍സ്വാമിയുടേതാണോ എന്നറിയാനായി ഡിഎന്‍എ പരിശോധനയും നടത്തും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!