തിരുവനന്തപുരം : വെള്ളറട കിളിയൂരിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു .ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകൻ പ്രജിൻ ജോസ് വെള്ളറട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
സംഭവ സമയത്ത് പ്രജിൻ്റെ അമ്മ സുഷമ കുമാരി വീട്ടിലുണ്ടായിരുന്നു. ബോധരഹിതയായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിൽ മെഡിസിൻ പഠിക്കുകയായിരുന്നു പ്രജിൻ. കൊവിഡിനെ തുടർന്ന് പഠനം നിർത്തി നാട്ടിൽ എത്തി. സ്വതന്ത്രമായി ജീവിക്കാൻ വീട്ടുകാർ അനുവദിക്കുന്നില്ലെന്നാണ് പ്രതിയുടെ മൊഴി. പ്രജിനെ വെള്ളറട പൊലീസ് ചോദ്യം ചെയ്യുകയാണ്. ജോസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.