കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എമ്പുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍റെ വിവാദ ഭാഗങ്ങള്‍ റീ സെൻസർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മാറ്റങ്ങൾ അടുത്തയാഴ്ചയോടെ പൂർത്തിയാകും. ഇതിന് ശേഷം ചിത്രം തിയേറ്ററിൽ എത്തും. 17 രംഗങ്ങൾ ചിത്രത്തിൽ നിന്നും മാറ്റാൻ ധാരണയായിട്ടുണ്ട്. ഗുജറാത്ത് കലാപം അടക്കം സംഘപരിവാറിന് ഇഷ്ടപ്പെടാത്ത 17 രംഗങ്ങളിൽ മാറ്റം വരുത്തിയേക്കും. മാറ്റം വരുത്തിയ പതിപ്പ് സെൻസർ ബോർഡ് പരിശോധിക്കും.
വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ ലോകവ്യാപകമായി തീയറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തുകയായിരുന്നു.