‘മൈ ന്യൂ ഇൻട്രൊഡക്ഷൻ’ എന്ന അടിക്കുറിപ്പോടെ താനാരാ’ എന്ന ചിത്രത്തിലെ പാട്ടിലൂടെ പുതിയ ഗായികയെ പരിചയപ്പെടുത്തി സംഗീത സംവിധായകൻ ഗോപി സുന്ദർ. ചിത്രത്തിലെ ‘സോന ലഡ്‌കി’ എന്ന പാട്ടുപാടിയ ഗായിക പ്രിയ നായറെയാണ് ഗോപി സുന്ദർ പരിചയപ്പെടുത്തിയത്.
പ്രിയ നായർക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദർ ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഇന്നലെയാണ് പാട്ട് യുട്യൂബിലൂടെ പുറത്തിറങ്ങിയത്. ഇതിന്റെ ലിങ്കും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കുറിപ്പിന് വളരെയധികം കമന്റുകളും ലഭിക്കുന്നുണ്ട്.
വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മുഴുനീള കോമഡി ചിത്രം താനാരാ ഓഗസ്റ്റ് ഒൻപതിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയത് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ചിരിപടങ്ങളുടെ വലിയ നിര തന്നെ സമ്മാനിച്ച റാഫിയാണ് തിരക്കഥ എഴുതിയത്. ഛായാഗ്രഹണം വിഷ്ണു നാരായണൻ. ഗാനരചന ബി.കെ. ഹരിനാരായണൻ. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായി ആണ് താനാരയുടെ നിർമ്മാണം. സുജ മത്തായി ആണ് സഹനിർമ്മാതാവ്. കെ.ആർ. ജയകുമാർ, ബിജു എം.പി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റും വൺ ഡേ ഫിലിംസും ചേർന്നാണ് വിതരണം. പി.ആർ.ഒ. വാഴൂർ ജോസ്, നിയാസ് നൗഷാദ്.