രവീന്ദ്ര സംഗീതത്തിന്‍റെ ഓര്‍മ്മകള്‍ക്ക് 20 വയസ്സ്. അതെ, രവീന്ദ്രന്‍ മാസ്‌റ്റര്‍ വിടവാങ്ങിയിട്ട് ഇന്നേയ്‌ക്ക് 18 വര്‍ഷങ്ങള്‍. വൈവിധ്യമാര്‍ന്ന ഈണങ്ങളിലൂടെ മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും മധുര ഗീതങ്ങള്‍ സമ്മാനിച്ചാണ് 61ാം വയസ്സില്‍ അദ്ദേഹത്തിന്‍റെ മടക്കം.ഓർമ്മകൾക്ക് മുന്നിൽ എം ജി മ്യൂസിക് അക്കാഡമിയുടെ പ്രണാമം.
മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് രവീന്ദ്രന്‍ മാസ്‌റ്റര്‍. സംഗീത ലോകത്തിന് വിസ്‌മരിക്കാനാകാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ച രവീന്ദ്രന്‍ മാസ്‌റ്ററുടെ വിയോഗം, മലയാള സംഗീത ലോകത്തിന് സംഭവിച്ച തീരാ നഷ്‌ടമായിരുന്നു. ആദ്യം ഗായകനായി, പിന്നീട് ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റായി. ഏറ്റവും ഒടുവില്‍ സംഗീത സംവിധായകനും.
സംഗീത സംവിധായകനെന്ന നിലയിലുള്ള 16 വര്‍ഷക്കാലം എക്കാലവും ഓര്‍മിക്കപ്പെടുന്ന സമാനതകളില്ലാത്ത സംഗീതം പകര്‍ന്നു. മലയാളം – തമിഴ് ഭാഷകളിലായി 150ല്‍ പരം സിനിമകള്‍ക്കായി അദ്ദേഹം സംഗീതം പകര്‍ന്നു. ഇതിന് പുറമെ നിരവധി ആല്‍ബങ്ങളും ചിട്ടപ്പെടുത്തിയിരുന്നു.
മാധവന്‍ രവീന്ദ്രന്‍ എന്നാണ് എന്നതാണ് യഥാര്‍ഥ നാമം. സംഗീതാസ്വാദകര്‍ക്കിടയില്‍ രവീന്ദ്രന്‍ മാസ്‌റ്റര്‍ എന്ന പേരിലും അറിയപ്പെട്ടു. 1943ല്‍ നവംബര്‍ 9ന് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ പരേതരായ മാധവന്‍ ലക്ഷ്‌മി ദമ്പതികളുടെ ഒന്‍പത് മക്കളില്‍ ഏഴാമനായി ജനിച്ചു.
ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യകാലം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ വളരെയധികം കഷ്‌ടപ്പെടേണ്ടി വന്നിരുന്നു. സ്‌കൂള്‍ പഠന ശേഷം തിരുവനന്തപുരം സ്വാതി തിരുന്നാള്‍ മ്യൂസിക് കോളജില്‍ ചേര്‍ന്നു. അവിടെ വച്ച് അനശ്വര ഗായകന്‍ കെ.ജെ യേശുദാസിനെ കണ്ടുമുട്ടി. അങ്ങനെ ആ സൗഹൃദം പിറന്നു. പിന്നീട് പിന്നണി ഗായകനാവുക എന്ന സ്വപ്‌നവുമായി ചെന്നൈയിലേക്ക് താമസം മാറി. ശേഷമാണ് പേര് കുളത്തൂപ്പുഴ രവി എന്നാക്കിയത്.
‘പാര്‍വതി രജനിതന്‍’ (സിനിമ- വെള്ളിയാഴ്‌ച) എന്ന ഗാനം പാടിക്കൊണ്ടാണ് സംഗീത ലോകത്തിലേയ്‌ക്കുള്ള ചുവടുവയ്‌പ്പ്. കരിയറിന്‍റെ തുടക്കത്തില്‍ നിരവധി സിനിമകള്‍ക്ക് അദ്ദേഹം ഡബ്ബ് ചെയ്‌തു. 1979ല്‍ ജെ.ശശികുമാറിന്‍റെ ‘ചൂള’ എന്ന ചിത്രത്തിനായി യേശുദാസ് പാടിയ ‘താരകേ മിഴിയിതളില്‍ കണ്ണീരുമായി’ എന്ന ഗാനത്തിന് ഈണം പകര്‍ന്ന് മലയാള സംഗീത സംവിധാന രംഗത്ത് അദ്ദേഹം കാലുറപ്പിച്ചു. പിന്നീട് ഈ കൂട്ടുകെട്ടില്‍ നിരവധി അനശ്വര ഹിറ്റുകള്‍ പിറന്നു.
ഹിന്ദുസ്ഥാനി രാഗങ്ങളെ അടിസ്ഥാനമാക്കി നിരവധി മെലഡികളും അദ്ദേഹത്തില്‍ നിന്ന് പിറവിയെടുത്തു. കെ.ജെ യേശുദാസും ചിത്രയുമാണ് അദ്ദേഹത്തിന്‍റെ മിക്ക ഗാനങ്ങളും പാടിയത്. ‘ഒറ്റക്കമ്പി നാദം’, ‘തേനും വയമ്പും’, ‘മനസൊരു കോവില്‍’ തുടങ്ങിയവെല്ലാം മലയാളികള്‍ എന്നും മൂളും. 1981ല്‍ ബാലചന്ദ്രമേനോന്‍റെ ‘ചിരിയോ ചിരി’ എന്ന സിനിമയിലെ ‘ഏഴു സ്വരങ്ങളും’ എന്ന സെമി ക്ലാസിക്കല്‍ ഗാനം രവീന്ദ്രന്‍ ഹിറ്റുകളില്‍ ഒന്നായി മാറി. ‘ആറാം തമ്പുരാനി’ലെ ‘ഹരിമുരളീരവം’, ‘ഹിസ്‌ഹൈനസ് അബ്‌ദുള്ള’യിലെ ‘പ്രമദവനം വീണ്ടും’ എന്നീ രവീന്ദ്രന്‍ ഹിറ്റുകളും മലയാളത്തിലെ എക്കാലത്തെയും അനശ്വര ഗീതങ്ങളാണ്.
‘തേനും വയമ്പും’, ‘സുഖമോ ദേവീ’, ‘ചിരിയോ ചിരി’, ‘യുവജനോത്സവം’, ‘അമരം’, ‘കിഴക്കുണരും പക്ഷി’, ‘ചമ്പക്കുളം തച്ചന്‍’, ‘ധനം’, ‘ആയിരപ്പാറ’, ‘കളിപ്പാട്ടം’, ‘ആട്ടക്കലാശം’, ‘കമലദളം’, ‘ഭരതം’, ‘അയാള്‍ കഥ എഴുതുകയാണ്’, ‘രാജശില്‍പി’, ‘ആറാം തമ്പുരാന്‍’ ‘നന്ദനം’ തുടങ്ങി ചിത്രങ്ങളിലെ ഗാനങ്ങള്‍ ഒരുക്കിയും രവീന്ദ്രന്‍ മാസ്‌റ്റര്‍ പ്രശസ്‌തിയുടെ കൊടുമുടിയിലെത്തി. ‘വടക്കുംനാഥന്‍’, ‘കളഭം’ എന്നീ സിനിമയിലെ ഗാനങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഒടുവിലായി പ്രവര്‍ത്തിച്ചത്.
മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം സംഗീതം പകര്‍ന്നു. ‘ചക്രവര്‍ത്തി’, ‘പൊട്ടു വച്ച നേരം’, ‘കണ്‍മണിയേ പേസ്’, ‘ഹേമാവിന്‍ കധലര്‍ഗള്‍’, ‘രസിഗന്‍ ഒരു രസിഗൈ’, ‘തായേ നീ തുണൈ’ ‘ധര്‍മ ദേവതൈ’, ‘ലക്ഷി വന്ധച്ചു’ എന്നി എട്ട് തമിഴ് സിനിമകള്‍ക്കാണ് അദ്ദേഹം സംഗീതം ഒരുക്കിയത്.
2006 മാര്‍ച്ച് 3ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം യാത്രയായത്. തൊണ്ടയിലെ അര്‍ബുദത്തിന് ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം.