വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസ് (38) ആണ് പണവുമായി മുങ്ങിയതെന്ന് ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. ഒന്നര കോടിയോളം ഇന്ത്യൻ രൂപ( ആറ് ലക്ഷം ദിർഹം) ഇയാൾ അപഹരിച്ചതായി പരാതിയിൽ പറയുന്നു.
മാർച്ച് 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് ആറു ലക്ഷം ദിർഹത്തിൻ്റെ കുറവ് അധികൃതർ കണ്ടുപിടിച്ചു. ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു.
നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.