മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനപൂര മഹോത്സവം മാര്‍ച്ച് 23, 24, 25 തിയതികളില്‍ വിവിധ പരിപാടികളോടെ നടക്കും. കെെകൊട്ടിക്കളി, ഭക്തി ഗാനസുധ, പിന്നല്‍-കോല്‍ തിരുവാതിര, യോഗാ നാട്യം, കരോക്കെ ഗാനമേള, താലപ്പൊലി ഘോഷയാത്ര തുടങ്ങിയവയും ഗരുഡന്‍ പറവ, മയിലാട്ടം തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മീനപൂര ദിവസം പതിവായുള്ള കലംകരിയ്ക്കല്‍ വഴിപാടുകള്‍ക്കുശേഷം ഉച്ചയ്ക്ക് നടക്കുന്ന `പൂരം ഇടി’ ഈ വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ മാത്രം പ്രത്യേകമായുള്ള ചടങ്ങാണ്. തുടര്‍ന്നു നട അടച്ചാല്‍ പിന്നെ അന്നേ ദിവസം ആര്‍ക്കും ക്ഷേത്രത്തിലേയ്ക്ക് പ്രവേശനം അനുവദനീയമല്ല.
25-ന് നടക്കുന്ന കലശപൂജ, കലശാഭിഷേക ചടങ്ങുകള്‍ക്ക് തന്ത്രി ബ്രഹ്മശ്രീ മുണ്ടക്കൊടി വിഷ്ണു നമ്പൂതിരി പ്രധാന കാര്‍മ്മികത്വം വഹിക്കും. കലശദിനത്തില്‍ പ്രഭാത ഭക്ഷണം ഉള്‍പ്പടെ ഭക്തര്‍ക്കായി മൂന്നു നേരവും പ്രസാദ ഭോജനം ഒരുക്കിയിട്ടുണ്ട്.
അന്ന് വെെകിട്ട് പാറപ്പനാല്‍ കൊട്ടാരത്തില്‍നിന്ന് ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രയില്‍ വിവിധ വാദ്യമേളങ്ങളും ഗരുഡന്‍ ,മയില്‍ നൃത്തം തുടങ്ങിയവയും അണിനിരക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിശദമായ പരിപാടികളുടെ ഉത്സവ നോട്ടീസ് പ്രകാശനകര്‍മ്മം ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മേല്‍ശാന്തി പ്രവീണ്‍ തിരുമേനി നിര്‍വ്വഹിച്ചു. ദേവസ്വം പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍ , സെക്രട്ടറി കെ.കെ. സുധീഷ്, കണ്‍വീനര്‍ കെ.കെ നാരായണന്‍, ജിഷ്ണു , അരവിന്ദ്, എ.എസ്.രാധാകൃഷ്ണന്‍ ,പി.ജി. രാജന്‍, രാധാ കൃഷ്ണന്‍കുട്ടി , വിഷ്ണുരാജ്, രാജു പി.ഡി. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.