കൊല്ലം : പരവൂരിന്റെ പുണ്യ സ്ഥലം പുറ്റിങ്ങൽ ക്ഷേത്ര നടയിൽ ഗായകൻ എം ജി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എം ജി മ്യൂസിക് അക്കാഡമിയുടെ കേരളത്തിലുള്ള ആറാമത്തെ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.ഇന്നലെ രാവിലെ പതിനൊന്നു മണിക്ക് എം ജി ശ്രീകുമാർ ഭദ്ര ദീപം കൊളുത്തി സപ്ത്വസ്വരങ്ങൾ ആലപിച്ചു കൊണ്ട് ആദ്യ ക്‌ളാസ്സുകൾക്ക് തുടക്കമിട്ടു.
നിരവധി കുട്ടികളാണ് ഇന്നലെ എം ജി മ്യൂസിക് അക്കാഡമിയിൽ ചേർന്ന് സംഗീത പഠനത്തിന് തുടക്കമിട്ടത്.എം ജി ശ്രീകുമാർ പകർന്നു നൽകിയ സംഗീതത്തിന്റെ ആദ്യ സ്വരങ്ങൾ കുരുന്നുകൾ പാടി.എല്ലാത്തിനും മൂക സാക്ഷിയായി പുറ്റിങ്ങൽ ദേവിയും,ദേവരാജൻ മാസ്റ്ററുടെയും അദൃശ്യ സാന്നിധ്യം.
തുടർന്ന് എം ജി മ്യൂസിക് അക്കാഡമിയുടെ പുറ്റിങ്ങൽ ബ്രാഞ്ചിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപികമാരായ ശ്രുതി,സുരഭി,ശ്രീലക്ഷ്മി എന്നീ പ്രതിഭകളെ എം ജി ശ്രീകുമാർ സദസ്സിന് പരിചയപെടുത്തുകയും മൂവരും ഏതാനം ചെറിയ കീർത്തനങ്ങൾ ആലപിക്കുകയും ചെയ്തു. പുറ്റിങ്ങലമ്മയെ സ്തുതിച്ചുകൊണ്ട് എം ജി ശ്രീകുമാർ ആലപിച്ച ദേവി സ്തുതി ഭക്തി സാന്ദ്രമായിരുന്നു.
എം ജി മ്യൂസിക് കാഡമിയുടെ മറ്റുള്ള ബ്രാഞ്ചുകളിലെന്ന പോലെ പുറ്റിങ്ങളിലും ഉമേഷ് കുമാറിനും .ഐശ്വര്യ എസ് കുറിപ്പിനും തന്നെയായിരിക്കും ചുമതലയെന്ന് എം ജി ശ്രീകുമാർ അറിയിച്ചു.അക്കാഡമി ദേവരാജൻ മാസ്റ്ററുടെ മണ്ണിൽ സഫലമായത് ഈ ഇരുവരുടെയും ശ്രമം ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് യാഥാർത്ഥ്യമായതെന്ന് എം ജി ശ്രീകുമാർ പറഞ്ഞു.
എം ജി മ്യൂസിക് അക്കാഡമിയുടെ ഈ ബ്രാഞ്ച് പ്രവർത്തനം തുടങ്ങിയതിൽ ഞങ്ങളോടൊപ്പം നിന്ന പുറ്റിങ്ങൽ ദേവസ്വത്തിന് ഉമേഷ് കുമാർ നന്ദി അർപ്പിച്ചു.ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കൃഷ്ണനുണ്ണി ,പി എസ് ജയലാൽ,പി കൃഷ്ണൻകുട്ടി പിള്ള,ലൗലി എന്നിവർ നൽകിയ പിന്തുണ ഏറ്റുവും വലുതാണെന്ന് ഉമേഷ് കുമാർ പറഞ്ഞു.
പുറ്റിങ്ങൽ ക്ഷേത്ര ദേവസ്വം സെക്രട്ടറി പി എസ് ജയലാൽ,പ്രസിഡന്റ് പി കൃഷ്ണൻകുട്ടി പിള്ള,മറ്റ് ദേവസ്വം ഭാരവാഹികൾ,നഗരസഭാ ചെയർ പേഴ്സൺ ,പരവൂർ സർക്കിൾ ഇൻസ്‌പെക്ടർ ,ദേവരാജൻ മാസ്റ്റർ സമിതിയുടെ ഭാരവാഹികൾ,വ്യാപാരി വ്യവസായി സംഘടനയുടെ പരവൂർ ഭാരവാഹികൾ, വാർഡ് കൗൺസിലർമാർഎന്നിവരും എം ജി മ്യൂസിക് അക്കാഡമിയുടെ മറ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്ര സന്നിധിയിലെത്തിയ ഗായകൻ എം ജി ശ്രീകുമാറിനെ പൂർണ്ണ കുംഭം നൽകിയാണ് ക്ഷേത്രം ഭാരവാഹികൾ എതിരേറ്റത്. ക്ഷേത്ര കളിത്തട്ടിലാണ് സംഗീതപാഠങ്ങൾ പഠിപ്പിച്ചുകൊണ്ട് മറ്റൊരു സംഗീതയാത്രക്ക് മഹാ ഗായകൻ തുടക്കമിട്ടിരിക്കുന്നത്.