ഞാൻ മാനസികമായി ഒരുങ്ങുന്നതു വരെ…

ഈ വാർത്ത ഷെയർ ചെയ്യാം

ഇറാഖി വംശജനായ ഒരു ബ്രിട്ടിഷ് പൗരനുമായി 12 വർഷമായി റിലേഷൻഷിപ്പിൽ ആയിരുന്നുവെന്ന് പ്രശസ്ത നടി ദിവ്യ പിള്ള വെളിപ്പെടുത്തി. “മൂകാംബികയിൽ വച്ച് ഞങ്ങൾ വിവാഹിതരായി. എന്റെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. നിർഭാഗ്യവശാൽ ഞങ്ങൾക്കു പിരിയേണ്ടി വന്നു. ക്ഷേത്രത്തിൽ വച്ചു നടന്ന ചടങ്ങ് ഞങ്ങൾ റജിസ്റ്റർ ചെയ്തിരുന്നില്ല. ഞങ്ങൾ രണ്ടു പേരും രണ്ടു രാജ്യങ്ങളിലെ പൗരന്മാരായതിനാൽ ചില നിയമപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതു ശരിയാക്കിയെടുക്കുന്നതിനു മുൻപു തന്നെ ഞങ്ങൾ പിരിഞ്ഞു.

പുതിയ തെലുങ്കു ചിത്രം തണ്ടേലിന്റെ പ്രമോഷന്റെ ഭാഗമായി ഒരു തെലങ്കു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വ്യക്തിജീവിതത്തിലേയും അഭിനയജീവിതത്തിലെയും വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ദിവ്യ മനസു തുറന്നത്.

ഞാൻ ജീവിതത്തിൽ നിന്ന് ആഗ്രഹിക്കുന്നതും അദ്ദേഹം ജീവിതത്തിൽ നിന്ന് ആഗ്രഹിക്കുന്നതും തമ്മിൽ ഒത്തുപോകാൻ പറ്റില്ലെന്നു മനസിലായപ്പോൾ പിരിയുകയായിരുന്നു. നിയമപരമായി റജിസ്റ്റർ ചെയ്യാതിരുന്നതിനാൽ വിവാഹമോചനത്തിന്റെ നൂലാമാലകൾ ഉണ്ടായിരുന്നില്ല. നിങ്ങൾ വിവാഹിതയാണോ എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ എന്ത് ഉത്തരം നൽകണമെന്ന് എനിക്ക് ആശയക്കുഴപ്പമാണ്. ചുരുക്കത്തിൽ ഞാൻ ദീർഘകാലമായി ഒരു ബന്ധത്തിലായിരുന്നു. അത് അവസാനിച്ചു.”

അതേസമയം, താൻ ഡേറ്റിങ്ങിലാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം സ്വകാര്യമാക്കി വയ്ക്കാൻ ആഗ്രഹിക്കുന്നതായും താരം പറഞ്ഞു. “അക്കാര്യം ലോകത്തോടു പങ്കുവയ്ക്കാൻ ഞാൻ മാനസികമായി ഒരുങ്ങുന്നതു വരെ, രഹസ്യമാക്കി വയ്ക്കാനാണ് എന്റെ തീരുമാനം. ഡേറ്റിങ്ങ് ചെയ്യുന്നുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷേ, അതിനെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല. സമയമാകുമ്പോൾ ഉറപ്പായും പറയും. അല്ലാതെ, ഡേറ്റിങ് ചെയ്യുന്നില്ലെന്ന് കള്ളം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരാണ് ആ വ്യക്തിയെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല,” ദിവ്യ വ്യക്തമാക്കി.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!