മലയാളികളുടെ പ്രിയപ്പെട്ട ഗായകനും എം ജി മ്യൂസിക് അക്കാദമിയുടെ ചെയർമാനുമായ എം ജി ശ്രീകുമാർ അക്കാഡമിയുടെ കൊല്ലം ബ്രാഞ്ചിലെത്തി.പരിപാവനമായ പുറ്റിങ്ങൽ ദേവീക്ഷേത്ര കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന എം ജി മ്യൂസിക് അക്കാദമിയിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്.
കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരേയും നേരിട്ടുകണ്ട അദ്ദേഹം അക്കാഡമിയുടെ പ്രവർത്തനം വിലയിരുത്തി.”പൂമുണ്ടും തോളത്തിട്ടു..”എന്ന ലളിതഗാനം പാടിയാണ് സംഗീത വിദ്യാർഥികൾ തങ്ങളുടെ പ്രിയപ്പെട്ട എം ജി സാറിനെ വരവേറ്റത്.
കാവാലം നാരായണപ്പണിക്കർ എഴുതി എം ജി രാധാകൃഷ്ണൻ ഈണമിട്ട ഈ ഗാനം വർഷങ്ങൾക്കിപ്പുറവുംപുതുതലമുറയും ഏറ്റുപാടുന്നൂവെന്ന് അറിഞ്ഞതിൽ സന്തോഷമെന്ന് അദ്ദേഹം അറിയിച്ചു.കുട്ടികളോടൊപ്പം അദ്ദേഹം ഈ ഗാനവും “അഷ്ടപദീലയം..” എന്ന ലളിതഗാനവും ആലപിച്ചു.
എം ജി ശ്രീകുമാർ പാടിയ ജയദേവ കവിയുടെ എന്ന ഗാനം കുട്ടികൾക്ക് പറഞ്ഞുകൊടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.പുറ്റിങ്ങൽ ദേവസ്വം സെക്രട്ടറി പി എസ് ജയലാൽ,എം ജി മ്യൂസിക് അക്കാദമി പ്രിൻസിപ്പൽ ഐശ്വര്യാ എസ് കുറുപ്പ്,ഉമേഷ് കുമാർ,അക്കാദമിയിലെ അധ്യാപികമാരായ ശ്രുതി ,ശ്രീധന്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.