ട്രിപ്പ് ബുക്ക് ചെയ്യാനായി ഉയർന്ന ഫോണുകൾ ഉപയോഗിക്കുന്നവരിൽ നിന്നും ഓൺലൈൻ ടാക്സി ആപ്പുകൾ കൂടുതൽ നിരക്ക് ഈടാക്കുന്നുവെന്ന പരാതിയിൽ ടാക്സി ആപ്പുകൾക്ക് നോട്ടീസ് അയച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ). ഓൺലൈൻ ടാക്സി ആപ്പുകളായ ഓല, ഊബർ, റാപ്പിഡോ എന്നിവരോടാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിൻ്റെ നിർദ്ദേശാനുസരണം സിസിപിഎ വിശദീകരണം തേടിയിരിക്കുന്നത്.
ഒരേ ദൂരത്തിലേക്ക് ഒരേ സമയം ഐ ഫോണിൽ നിന്നും ആൻഡ്രോയിഡ് ഫോണിൽ നിന്നും ബുക്ക് ചെയ്യുന്ന യാത്രകൾക്ക് വ്യത്യസ്ത നിരക്കുകളാണ് ടാക്സി ആപ്പുകൾ ഈടാക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു യുവാവിൻ്റെ എക്സിലെ പോസ്റ്റ്. ഇതിൻ്റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചിരുന്നു.
ഇതോടെ നിരവധി പേർ സമാന പരാതിയുമായി രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ഇതിൽ ഇടപെടുകയായിരുന്നു. എന്നാൽ, എവിടെ നിന്ന്, എങ്ങോട്ട്, ഏത് സമയത്ത് എന്നത് മാത്രമാണ് നിരക്ക് നിർണയിക്കാൻ തങ്ങൾ പരിഗണിക്കുന്നത് എന്നാണ് ഊബറിൻ്റെ നിലപാട്. സംഭവത്തിൽ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സിസിപിഎയോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം.