ഐതിഹ്യകഥകളുടെ അത്ഭുത ലോകം മലയാളിക്ക് സമ്മാനിച്ച കഥകളുടെയും കവിതകളുടെയും നാടകങ്ങളുടെയും മായിക പ്രപഞ്ചം വായനക്കാർക്ക് മുമ്പിൽ സൃഷ്ടിച്ച… മലയാള സാഹിത്യത്തിനും ഭാഷയ്ക്കും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ള കവിതിലകൻ കൊട്ടാരത്തില്‍ ശങ്കുണ്ണി. ഐതിഹ്യമാലയുടെ കർത്താവെന്ന നിലയിലാണ് കൊട്ടാരത്തിൽ ശങ്കുണ്ണി വിഖ്യാതനായത്. പണ്ഡിത സമൂഹത്തിനിടയിലും ആഢ്യകുലത്തിന്റെ സൊറപറയൽ വേദികളിലും മാത്രം ഒതുങ്ങിനിന്ന ഐതിഹ്യ സാഹിത്യത്തെ സാധാരണക്കാർക്കിടയിലേക്കു കൊണ്ടുവരാൻ ഐതിഹ്യമാല വഹിച്ച പങ്ക് വളരെ വലുതാണ്. പിൽക്കാലത്തു മലയാള സാഹിത്യത്തിൽ വേരുറപ്പിച്ച പല കഥാപാത്രങ്ങളും ലിഖിതമായി ആദ്യം പ്രത്യക്ഷപ്പെട്ടത് ഐതിഹ്യമാലയിലാണ്.
1909 മുതൽ 1934 വരെ ഏകദേശം 25 വർഷക്കാലം കൊണ്ട് കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതീഹ്യങ്ങളെല്ലാം സമ്പാദിച്ച് കൊട്ടാരത്തിൽ ശങ്കുണ്ണി തയാറാക്കിയ ഗ്രന്ഥമാണ് ഐതീഹ്യമാല. ചെമ്പകശ്ശേരി രാജാവ് മുതൽ തിരുവട്ടാർ ആദി കേശവൻ വരെ ഐതീഹ്യമാലയിലെ 126 കഥകളും മലയാളി മനസ്സിനെ കീഴടക്കിയതാണ്. 126 ഐതിഹ്യങ്ങൾ 8 ഭാഗങ്ങളിലായാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ജീവചരിത്രങ്ങളും ദേശചരിത്രങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് ഐതിഹ്യങ്ങൾ വർണിച്ചിരിക്കുന്നത്. 1898 മുതല്‍ ഐതിഹ്യമാലയുടെ രചന തുടങ്ങി. വറുഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിരുന്നു തുടങ്ങിയതെങ്കിലും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ മരണം വരെ തുടര്‍ന്നു പോന്ന ഒരു പരമ്പരയായി ഐതിഹ്യമാല മാറി.
1855 മാര്‍ച്ച് 23-ന് കോട്ടയത്ത് കൊട്ടാരത്തില്‍ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായാണ് ജനിച്ചത്. ഭദ്രകാളിത്തീയാട്ട് നടത്തുന്ന തീയാട്ടുണ്ണി സമുദായത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
അച്ഛന്റെ പേരും ഇതുതന്നെയായിരുന്നതിനാൽ യഥാർത്ഥ പേര് വാസുദേവൻ. അച്ഛന്റെ പേരും ഇതു തന്നെയായിരുന്നതിനാൽ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേർത്ത് പിൽക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി. 10 വയസ്സുവരെ ആശാന്മാരുടെ വീടുകളില്‍ ചെന്നു പഠിച്ചതല്ലാതെ അദ്ദേഹത്തിന് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചില്ല.
പതിനേഴാമത്തെ വയസ്സില്‍ മണര്‍കാട്ട് ശങ്കരവാര്യരില്‍ നിന്നും സിദ്ധരൂപം പഠിച്ചു. പിന്നീട് വയസ്‌കര ആര്യന്‍ നാരായണം മൂസ്സതില്‍നിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും പഠിച്ചു. 1893ല്‍ മാര്‍ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്‌കൂളിലെ ആദ്യ മലയാളം മുന്‍ഷിയായി ജോലിയില്‍ പ്രവേശിച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാൻെറ നിർബന്ധത്താൽ 36-ാം വയസ്സിൽ സുഭദ്രാഹരണം മണിപ്രവാളം രചിച്ചു. പിന്നീട് കേശവദാസ ചരിതവും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ തൂലികയിൽ നിന്ന് പിറന്നു. കൊച്ചി, തിരുവിതാംകൂർ, ബ്രിട്ടീഷ് മലബാർ രാജാക്കൻമാരിൽ നിന്ന് അനവധി പുരസ്കാരങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണി നേടിയിട്ടുണ്ട്. 1904ൽ കൊച്ചിരാജാവ് ‘കവിതിലകം’ എന്ന സ്ഥാനം നൽകി ശങ്കുണ്ണിയെ ആദരിച്ചു.
മണിപ്രവാള കൃതികൾ, പരിഭാഷകൾ, നാടകങ്ങൾ, കൽപിത കഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, കൈകൊട്ടി പാട്ട്, തുള്ളൽ പാട്ട്, വഞ്ചി പാട്ട്, ഗദ്യ പ്രബന്ധങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലായി 60 കൃതികളാണ് ശങ്കുണ്ണി രചിച്ചത്. കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് 1997ലാണ് ഇവ പ്രസിദ്ധീകരിച്ചത്. വിക്രമോർവദേശീയം, മാലതീമാധവം എന്നീ സംസ്കൃത നാടകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ശ്രീരാമാവതാരം, ശ്രീരാമ പട്ടാഭിഷേകം, സീത വിവാഹം, കിരാതസുനു ചരിതം, ഭൂസുര ഗോഗ്രഹണം എന്നിവ ശങ്കുണ്ണിയുടെ പ്രശസ്ത ആട്ട കഥകളാണ്. 1937 ജൂലൈ 22ന് അന്തരിച്ചു.

കേരളത്തിലെ ഒരു ഹിന്ദു ബ്രാഹ്മണജാതിയാണ് തീയാട്ടുണ്ണി അഥവാ തിയാട്ടുണ്ണി. തിയ്യാടികൾ എന്നും ഇവർ അറിയപ്പെടുന്നു. അമ്പലവാസി സമുദായത്തിൽപ്പെ ബ്രാഹ്മണർക്കും ശൂദ്രർക്കുമിടയിലുള്ള ഒരു ജാതിയാണിതെന്നും കണക്കാക്കപ്പെടുന്നു. ഭദ്രകാളി ക്ഷേത്രങ്ങളിൽ ഭദ്രകാളി തീയാട്ട് എന്ന അനുഷ്ഠാനകല അവതരിപ്പിക്കുന്നതാണ് ഇവരുടെ കുലത്തൊഴിൽ. സ്ത്രീകൾ പേരിനൊപ്പം അമ്മ എന്നോ അന്തർജനം എന്നോ ചേർക്കുന്നു. ഇവരുടെ വീടുകൾ മഠം എന്നോ ഇല്ലം എന്നോ അറിയപ്പെടുന്നു.തീയാട്ട് എന്ന പാരമ്പര്യത്തൊഴിലിൽ നിന്നാവാം തിയാട്ടുണ്ണി എന്ന പേരിന്റെ ഉദ്ഭവം.