ഒറ്റയ്ക്കു മുന്നോട്ടുപോകാനുള്ള തീരുമാനവുമായി ആം ആദ്മി പാർട്ടി ഇന്ത്യാ സഖ്യം ഉപേക്ഷിച്ചു. എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. യഥാർഥ സഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് ആരോപിച്ചാണ് എഎപി ഇന്ത്യാ സഖ്യം വിടുന്നത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമാണ് പ്രതിപക്ഷ ഗ്രൂപ്പ് രൂപീകരിച്ചതെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.‘യഥാർഥ സഖ്യം ബിജെപിയും കോൺഗ്രസും തമ്മിലാണ്. മോദിക്ക് രാഷ്ട്രീയമായി പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി പറയുന്നത്. പകരമായി, ഗാന്ധി കുടുംബത്തെ ജയിലിലേക്ക് പോകുന്നതിൽ നിന്ന് മോദി രക്ഷിക്കുന്നു. നാട്ടുകാർക്ക് സ്‌കൂളുകൾ, ആശുപത്രികൾ, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ ഇരുവർക്കും താൽപര്യമില്ല’’ – എഎപി നേതാവ് അനുരാഗ് ധണ്ട എക്‌സിൽ കുറിച്ചു. പ്രതിപക്ഷ പാർട്ടികൾക്ക് 240 സീറ്റുകൾ ഉറപ്പാക്കുന്നതിൽ ആം ആദ്മി പാർട്ടി തങ്ങളുടെ പങ്ക് വഹിച്ചിട്ടുണ്ടെന്നും ധണ്ട പറഞ്ഞു.
എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പിന്നീട് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ധണ്ട പറഞ്ഞു. ഈ വർഷം അവസാനം നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും തങ്ങൾ മത്സരിക്കും. രാജ്യത്തിന് ഏറ്റവും നല്ലത് എന്താണോ അതിനെ അടിസ്ഥാനമാക്കി പാർട്ടി എംപിമാർ പ്രതിപക്ഷത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുമെന്നും അനുരാഗ് ധണ്ട പറഞ്ഞു.