തിരുവനന്തപുരം: കഠിനംകുളത്ത് വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. പുത്തൻതോപ്പ് സ്വദേശിനി ലതാ പോളാണ് മരിച്ചത്.
നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയെയും കുടുംബത്തെയും ഇടിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മരുമകൾക്കും നാലു വയസ്സുകാരനും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാറിൽനിന്ന് മദ്യക്കുപ്പികളും ലഹരി വസ്തുക്കളും കണ്ടെടുത്തു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടാക്സി കാറാണ് അപകടത്തിൽപെട്ടത്.
തീരദേശ റോഡ് വഴി വരികയായിരുന്ന കാർ ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയ സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. കാറിൽനിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവർ മദ്യപിച്ചാണ് വാഹനമോടിച്ചതെന്നതിന് സ്ഥിരീകരണമില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലതാ പോളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മരുമകൾ മെൽവി ചാക്കോ, നാലു വയസ്സുകാരൻ മാത്യു ലിയോ എന്നിവർ ചികിത്സയിലാണ്.