ആറ്റുകാൽ പൊങ്കാല മഹോത്സവം 2025 മാർച്ച് 5 മുതൽ 14 വരെ നടക്കും. മാർച്ച് 13 വ്യാഴാഴ്ചയാണ് പൊങ്കാല സമർപ്പണം.
കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍, 2025 മാർച്ച് 5 രാവിലെ 10 മണിക്ക് കൊടുങ്ങല്ലൂരമ്മയെ ക്ഷേത്രമുറ്റത്തെ പച്ചോല പന്തലില്‍ തോറ്റം പാട്ടു പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ 10 ദിവസത്തെ പൊങ്കാല മഹോത്സവം തുടങ്ങും.
ഉത്സവത്തിന് മുമ്പ് കൊടിയേറ്റ് പോലെ ചില ദേവി ക്ഷേത്രങ്ങളിൽ നടക്കുന്ന ചടങ്ങാണ് കാപ്പു കെട്ട്.

മാർച്ച് 7 വെള്ളിയാഴ്ച കുത്തിയോട്ട വ്രതം തുടങ്ങും. ആറ്റുകാൽ പൊങ്കാലയ്ക്കുള്ള അടുപ്പു വെട്ട് കുംഭത്തിലെ പൂരം നാളിൽ, 2025 മാർച്ച് 13 വ്യാഴാഴ്ച രാവിലെ 10:15 ന് നടക്കും.
അതിന്റെ തലേദിവസം മകം നാളില്‍ കണ്ണകി മധുരാപുരി ചുട്ടെരിച്ചിട്ട് ആറ്റുകാൽ എത്തിയെന്നും അപ്പോള്‍ ദേവിയെ സ്ത്രീകള്‍ പൊങ്കാലയിട്ട് സ്വീകരിച്ചെന്നും ഐതിഹ്യം. പൊങ്കാല ഇടുന്നവർ കാപ്പുകെട്ടു മുതല്‍ വ്രതം തുടങ്ങണം. ഈ ഒൻപതു ദിവസവും ദേവി മന്ത്രങ്ങൾ, സ്തോത്രങ്ങൾ എന്നിവ ജപിച്ച് വ്രതമെടുത്ത് പെങ്കാലയിട്ടാല്‍ സര്‍വൈശ്വര്യവും ലഭിക്കും. അതിന് കഴിയാത്തവര്‍ കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വ്രതം പാലിക്കണം. അതിനും പറ്റുന്നില്ലെങ്കില്‍ തലേ ദിവസമെങ്കിലും വ്രതം എടുക്കണം. ഒരിക്കലെടുത്ത് മത്സ്യമാംസാദി ഭക്ഷണം, ലഹരി വസ്തുക്കള്‍, ശാരീരികബന്ധം, ദുഷ്ചിന്തകൾ എന്നിവ ഒഴിവാക്കി ദേവീ സ്തുതികള്‍ ജപിച്ച് വേണം വ്രതം. ഈ ഒൻപത് ദിവസങ്ങളിലും രാവിലെ കുളിച്ച് പ്രാര്‍ത്ഥിക്കണം. പറ്റുമെങ്കില്‍ ക്ഷേത്ര ദര്‍ശനം നടത്തണം. രണ്ടുനേരവും കുളിയും പ്രാര്‍ത്ഥനയും വേണം.
ഒൻപതാം ഉത്സവ ദിവസമായ പൊങ്കാല നാൾ മാർച്ച് 13 ന് രാത്രി 7 :45 ന് കുത്തിയോട്ട കുട്ടികൾക്ക് ചൂരൽ കുത്തും. രാത്രി 11:15 നാണ് ദേവിയുടെ പുറത്ത് എഴുന്നള്ളത്ത്. മാർച്ച് 14 വെള്ളിയാഴ്ച രാത്രി കാപ്പഴിച്ച് കുടിയിളക്കും. അന്ന് രാത്രി 1 മണിക്ക് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.