വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവത്തിന് നവംബർ 16 ന് ( ഞായറാഴ്ച)തിരശീല ഉയരും. ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്കാര സമർപ്പണവും അന്ന് നടക്കും. ഡിസംബർ 1 നാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ദശമി നാളായ നവംബർ 30 നാണ് ഗജരാജൻ കേശവൻ അനുസ്മരണ ദിനം .ഗുരുവായൂരിനെ ഭക്തി സാന്ദ്രമാക്കുന്ന ഈ ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ദേവസ്വം അറിയിച്ചു.

കർണാടക സംഗീത കുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഏകാദശി നാദോപാസനയുടെ സ്മരണാർത്ഥമാണ് ചെമ്പൈ സംഗീതോൽസവം. സംഗീത കലാനിധിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈയുടെ പാലക്കാട് കോട്ടായിയിലെ ഭവനത്തിൽ നിന്ന് നവംബർ 15ന് ഏറ്റുവാങ്ങി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തോടെ നവംബർ 16 ന് വൈകിട്ട് 5.45 ഓടെ ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ എതിരേൽപ്പോടെ എത്തിച്ച് സംഗീത മണ്ഡപത്തിൽ സ്ഥാപിക്കും. വൈകുന്നേരം 6ന് മേല് പുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ കഥകളി ആചാര്യൻ പത്മശ്രീ കലാമണ്ഡലം ഗോപിയാശാൻസംഗീതോൽസവം ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. ചടങ്ങിൽ വെച്ച് ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത സംഗീതജ്ഞ പ്രൊഫ.പാൽകുളങ്ങര കെ.അംബികാദേവിക്ക് സമർപ്പിക്കും. തുടർന്ന് പുരസ്കാര സ്വീകർത്താവിൻ്റെ നേതൃത്വത്തിൽ സംഗീതകച്ചേരി നടക്കും. ചടങ്ങിൽ ചെമ്പൈ സംഗീതോത്സവ സമ്പ് കമ്മിറ്റി കൺവീനറും ദേവസ്വം ഭരണസമിതി അംഗവുമായ ശ്രീ.കെ.പി.വിശ്വനാഥൻ സ്വാഗതം പറയും. ഡോ. സദനം ഹരികുമാർ പുരസ്കാര സ്വീകർത്താവിനെ പരിചയപ്പെടുത്തും. ചടങ്ങിൽ ഡോ.എം.വി നാരായണൻ
കൃഷ്ണ ഗീതി ദിന മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.
‘ചടങ്ങിന് ആശംസകൾ നേർന്നുകൊണ് ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ സി.മനോജ്, ശ്രീ.മനോജ് ബി നായർ, ശ്രീ കെ.എസ് ബാലഗോപാൽ ,ദേവസ്വം വൈദിക സംസ്ക്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി ചെമ്പൈ സബ്ബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വൈക്കം വേണുഗോപാൽ, ശ്രീ. തിരുവിഴ ശിവാനന്ദൻ, ശ്രീ. പി. എസ്. വിദ്യാധരൻ മാസ്റ്റർ,ശ്രീ. എൻ. ഹരി, ശ്രീ. ചെമ്പൈ സുരേഷ്, ശ്രീ.അനയടി പ്രസാദ്, ഡോ. കെ.മണികണ്ഠൻ എന്നിവർ സന്നിഹിതരാകും. ദേവസ്വം അഡ്മിനിസ്ടേറ്റർ ശ്രീ.ഒ.ബി.അരുൺകുമാർ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തും
നവംബർ 17ന് രാവിലെ ഏഴു മണിക്ക് ശ്രീലകത്തു നിന്ന് പകർന്നെത്തിക്കുന്ന ഭദ്രദീപം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി. ദിനേശൻ നമ്പൂതിരിപ്പാട് സംഗീത മണ്ഡപത്തിൽ തെളിക്കും. ഇതോടെ ഏകാദശി ദിവസം വരെ നീളുന്ന സംഗീതോൽസവത്തിന് തുടക്കമാകും. തുടർന്ന് ക്ഷേത്രം നാഗസ്വര-ത വിൽ അടിയന്തിരക്കാരുടെ മംഗളവാദ്യ സമർപ്പണത്തോടെ സംഗീതാർച്ചനയ്ക്ക് തുടക്കമാകും. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞർക്കൊപ്പം രണ്ടായിരത്തിലേറെ സംഗീതോപാസകരും സംഗീതോൽസവത്തിൽ പങ്കെടുക്കും.ചെമ്പൈ സംഗീതോൽസവം പൂർണമായും ദേവസ്വം യു ട്യൂബ് ചാനൽ വഴി തൽസമയംസംപ്രേഷണം ചെയ്യും. ആകാശവാണിയും ദൂരദർശനും പരിപാടി സംപ്രേഷണം ചെയ്യുന്നുണ്ട്.
