ലൂസിഫറിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് പൃഥ്വിരാജ്. മൂന്നാം ഭാഗത്തിന്റെ സൂചന നൽകികൊണ്ടാണ് എമ്പുരാൻ അവസാനിക്കുന്നതെന്നും സിനിമ തീരുമ്പോൾ കഥയുടെ ബാക്കിയെന്താണെന്ന് അറിയാൻ പ്രേക്ഷകരുടെ ഉള്ളിൽ ആഗ്രഹമുണ്ടാകുമെന്നും താരം പറഞ്ഞു. എമ്പുരാന്റെ ടീസർ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്. ലൂസിഫർ എന്ന സിനിമയുണ്ടായതിനെക്കുറിച്ചും പൃഥ്വി വെളിപ്പെടുത്തി.

‘മറ്റൊരു സിനിമയിൽ ഞാനും മുരളി ഗോപിയും വർക്ക് ചെയ്യുമ്പോഴാണ് ലൂസിഫർ എന്ന കഥ ഞങ്ങൾക്കിടയിൽ ചർച്ചയാവുന്നത്. തുടക്കത്തിൽ തന്നെ ലൂസിഫർ ഒറ്റ ചിത്രം കൊണ്ട് തീർക്കാൻ പറ്റുന്ന കഥയല്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അന്ന് സിനിമയുടെ രണ്ടാം ഭാഗം മൂന്നാം ഭാഗമൊന്നും അത് കോമൺ ആയിരുന്നില്ല.ലൂസിഫർ ചെയ്യുന്ന സമയത്ത് രണ്ടാംഭാഗത്തെക്കുറിച്ച് പറയരുതെന്ന് തീരുമാനിച്ചിരുന്നു. സിനിമയുടെ പ്രതികരണം കണ്ടിട്ട് മാത്രമേ തീരുമാനിക്കാൻ കഴിയുകയുള്ളൂ. എമ്പുരാൻ ഉണ്ടായതിന് നന്ദി പറയേണ്ടത് പ്രേക്ഷകരോടാണ്. അവർ ലൂസിഫറിന് നൽകിയ വലിയ വിജയം കാരണമാണ് എമ്പുരാൻ ഉണ്ടായത്. അല്ലെങ്കിൽ അങ്ങനെയൊരു ചിത്രം സംഭവിക്കില്ലായിരുന്നു. ലൂസിഫറിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചും ഇതുതന്നെയാണ് പറയുന്നത്. എമ്പുരാന് ലഭിക്കുന്ന സ്വീകര്യത കണ്ടിട്ട് മാത്രമേ മൂന്നാം ഭാഗം പ്രഖ്യാപിക്കാൻ കഴിയുള്ളൂ. ചിത്രം വലിയ വിജയമാകട്ടെ.
