തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം തിരുവനന്തപുരത്ത്. വിനോദസഞ്ചാരവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്താണ് ഒരുങ്ങുന്നത്.
ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള പാര്‍ക്കിലാണ് കേന്ദ്രം. ഇതിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ഇവിടുത്തെ ആദ്യ വിവാഹം 30ന് നടക്കും. ലോകോത്തര ഇവന്റ് മാനേജര്‍മാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി. മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്രം ഉദ്ഘാടനം ചെയ്യും.
അതിഥികള്‍ക്ക് താമസസൗകര്യം, കടല്‍ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉള്‍പ്പെടുത്തി മെനു എന്നിവയുണ്ടാകും. ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. ശംഖുമുഖവും പരിസരവും മനോഹരമാക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. ബീച്ച് കേന്ദ്രീകരിച്ച് നൈറ്റ് ലൈഫ് കേന്ദ്രവുമൊരുക്കുന്നുണ്ട്.
കുട്ടികൾക്കായി അമ്യൂസ്‍മെന്റ് പാർക്ക്, എഐ ഗെയിം സെന്റർ, ഫുഡ് പാർക്ക്, കോഫി ആൻഡ് സ്നാക്സ് സെന്റർ, ഔട്ട് ഡോർ ഗെയിം സോൺ, ത്രീഡി ലൈറ്റ് ഷോ, ഫിഷ് സ്പാ എന്നിവ നിർമിക്കും. രാത്രി ബീച്ചിലേക്ക് ആകർഷിക്കാനായി ഫുഡ് സ്ട്രീറ്റ് ആരംഭിക്കും.
ഓരോ കട മുറികളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ഏഴോടെ സജീവമാകുന്ന സ്ട്രീറ്റ് രാത്രി 12 വരെ പ്രവർത്തിക്കും. വിനോദ പരിപാടികൾക്കായി സ്റ്റേജും നിർമിക്കും. നവംബറിൽ നിർമാണം ആരംഭിച്ച് അടുത്ത ജനുവരിയിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കനകക്കുന്നിനും മാനവീയം വീഥിക്കും പിന്നാലെ തലസ്ഥാന നഗരിയിലെ പുതിയ നൈറ്റ് ലൈഫ് കേന്ദ്രമാകും ശംഖുമുഖം. ഡിടിപിസി ആണ് പദ്ധതി നടപ്പാക്കുന്നത്.