Kerala News

വി എസ്സിന് ജേർണൽ ന്യൂസിന്റെ ജന്മദിനാശംസകൾ.

ആലപ്പുഴ: നൂറു വയസ്സ് തികയുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് കേരളക്കരയുടെ ജന്മദിനാശംസകൾ.

1923 ഒക്ടോബർ 20 ന് അനിഴം നക്ഷത്രത്തിൽ മണ്ണഞ്ചേരി പടിഞ്ഞാറ് മാലൂർ തോപ്പിൽ വീട്ടിലാണ് വി എസ് അച്യുതാനന്ദന്റെ ജനനം.

വിഎസിന്റെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും മറ്റും ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം ഇന്ന് സിപിഎം പുറത്തിറക്കും. സിപിഐ കേന്ദ്രക്കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് അച്യുതാനന്ദൻ.
ചരിത്രം കോരിത്തരിച്ച പുന്നപ്ര വയലാർ സമര സംഘാടകരിൽ ഒരാളാണ്‌ വി എസ്‌. ഒളിവ് ജീവിതവും പൊലീസ് പിടികൂടലും അസ്ഥികൾപോലും പിളരുന്ന തരത്തിലുള്ള ലോക്കപ്പ് മർദനവും. മരണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. പിന്നെ കേസ്, ജയിൽ. ഇത്തരം പ്രതിസന്ധികളെല്ലാം വി എസ്‌ കരുത്താക്കി മാറ്റി. ഒരു ജീവിതത്തിൽത്തന്നെ പല ജീവിതത്തിന്റെ പൊതു ഇടപെടൽ പ്രായോഗികമാക്കി. പാർടി നേതാവ്, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഭരണപരിഷ്കാര കമീഷൻ ചെയർമാൻ എന്നിങ്ങനെ കേരളത്തിൽ ഒരാൾക്ക് ചെന്നെത്താനാകുന്ന പദവികളും പാർടി അദ്ദേഹത്തിന് നൽകി.

രാഷ്ട്രീയ എതിരാളികളുടെ നെഞ്ച്‌ പൊള്ളിക്കുംവിധം വിമർശമുന്നയിച്ചു. “തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം’ എന്ന കവിതാശകലം ചൊല്ലി എതിരാളികളുടെ കണ്ണുതുറപ്പിച്ചു.

ആരോഗ്യപ്രശ്നങ്ങളുണ്ടാകുംവരെ വി എസ്‌ സമരപഥങ്ങളിൽ നിറഞ്ഞുനിന്നു. ഇടവേളകൾ അറിയാത്ത ആ പോരാട്ട ജീവിതത്തിലെ അവസാനത്തെ പ്രസംഗം 2019 ഒക്ടോബർ 23ന് പുന്നപ്ര പറവൂർ രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *