തിരുവനന്തപുരം : പുരാതനവും തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ളതുമായ കഴക്കൂട്ടം കൃഷ്ണൻ കോവിലിൽ (കുളങ്ങര ക്ഷേത്രം)വെള്ളം കയറി.കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് വെള്ളം കയറിയത്.
ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ശ്രീകോവിലിന് ഉള്ളിലേക്ക് പ്രവേശിക്കുവാൻ കഴിയാത്ത നിലയാണുള്ളത്.അമ്പലത്തിനോട് ചേർന്ന കുളങ്ങര കുളവും വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. ദിനപൂജകൾക്കും മറ്റുമായി ക്ഷേത്ര പൂജാരി വെള്ളത്തിലൂടെയാണ് നടന്ന് അകത്തേക്ക് പ്രവേശിക്കുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്‌ച രാത്രി തുടങ്ങിയ മഴയിലാണ് കഴക്കൂട്ടം ഉൾപ്പെടുന്ന തിരുവനന്തപുരം ഭാഗങ്ങളിൽ വെള്ളം കയറിയത്.2018 ലെ പ്രളയകാലത്തുപോലും കഴക്കൂട്ടം ഭാഗങ്ങളിൽ വെള്ളം കയറിയിരുന്നില്ല.
അതേസമയം ഈ സാഹചര്യത്തിൽ ജില്ലയിലെ മൂന്നു നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. കരമനയാർ, നെയ്യാർ, മണിമല പുഴകളിലാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.
കരമന നദിയിലെ വെള്ളകടവ് സ്റ്റേഷനില്‍ ഓറഞ്ച് അലര്‍ട്ടും നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനിലും വാമനപുരം നദിയിലെ അയിലം സ്റ്റേഷനിലും യെലോ അലര്‍ട്ടും ജല കമ്മീഷന്‍ പ്രഖ്യാപിച്ചു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.