അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ 15 ദിവസംപൂര്‍ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ.
തൃശൂര്‍: അതിരപ്പിള്ളി – മലക്കപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ അറിയിച്ചു.
അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് നവംബര്‍ ആറാം തീയതി മുതല്‍ 15 ദിവസത്തേക്കാണ് ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് കളക്ടര്‍ അറിയിച്ചു. അത്യാവശ്യമുള്ള ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള അതിരപ്പിള്ളി ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാല്‍ ചെക്ക് പോസ്റ്റിലും തമിഴ്‌നാട് മലക്കപ്പാറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മലക്കപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടും.
അടിയന്തര ആവശ്യത്തിനായി ഇരു വശത്തും ആംബുലന്‍സ് സേവനങ്ങളും ക്രമീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ മാസത്തിലെ കനത്ത മഴയിലാണ് അതിരപ്പിള്ളി-മലക്കപ്പാറ റോഡിലെ അമ്ബലപ്പാറയില്‍ റോഡിന്റെ വശം ഇടിഞ്ഞത്. തുടര്‍ന്ന് വലിയ വാഹനങ്ങള്‍ക്ക് ഭാഗിക നിയന്ത്രണം നടപ്പാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് റോഡിന്റെ വശം അടിയന്തരമായി നിര്‍മ്മിച്ച് ഗതാഗതം സുരക്ഷിതമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.