പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രായേലിലെ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. പൗരൻമാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നുമാണ് നിർദേശിച്ചിരിക്കുന്നത്. അനാവശ്യമായ യാത്രകൾ ഒഴിവാക്കണം, സുരക്ഷിതമായ പാർപ്പിടങ്ങളിൽ കഴിയണമെന്നും മുന്നറിയിപ്പ് നൽകുന്നു.
ഹമാസിന്റെ ആക്രമണത്തിൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേൽ. രാജ്യം യുദ്ധമുഖത്താണെന്നും ഹമാസിന് വലിയ വില നൽകേണ്ടിവരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ‘ഇസ്രായേൽ പൗരന്മാരേ, നമ്മൾ യുദ്ധത്തിലാണ്. ഇതൊരു ഓപ്പറേഷനല്ല, ഇത് യുദ്ധമാണ്. നമ്മൾ വിജയിക്കും. ഹമാസിന് വലിയ വില കൊടുക്കേണ്ടി വരും’- വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി
ഇന്ന് രാവിലെ ആറരയോടെയാണ് ഇസ്രായേലിൽ ഹമാസിന്റെ ആക്രമണമുണ്ടായത്. ഇസ്രായേലിലുടനീളം ഇരുപത് മിനിട്ടിൽ അയ്യായിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് വർഷിച്ചത്. ആക്രമണത്തിൽ ഷാർ ഹനേഗേവ് റീജിയണൽ കൗൺസിൽ മേയർ ഉൾപ്പെടെ 20 ഇസ്രായേലുകാർ കൊല്ലപ്പെട്ടു. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റുവെന്നും 35ഓളം ഇസ്രായേൽ സൈനികരെ ബന്ദികളാക്കിയെന്നും വിവരമുണ്ട്. ബൈക്കുകളിലും എസ് യു വികളിലും പാരാഗ്ളൈഡുകളിലുമായി ഇസ്രായേലിലേയ്ക്ക് കടന്ന ഹമാസ് ആയുധധാരികൾ സാധാരണക്കാർക്കുനേരെ വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. 60 ഹമാസ് ആയുധധാരികൾ രാജ്യത്ത് പ്രവേശിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ സർക്കാർ അറിയിക്കുന്നു. 14 ഇടങ്ങളിൽ ഏറ്റുമുട്ടൽ തുടങ്ങിയെന്ന് ഇസ്രായേൽ സേന അറിയിക്കുന്നു. ഇസ്രായേലിനുനേർക്കുള്ള ഹമാസിന്റെ ആക്രമണത്തിൽ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, യുക്രെയ്‌ൻ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു.