ഹരിപ്പാട്: പ്രസിദ്ധമായ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ഇന്ന്. ആയില്യം നാളായ ഇന്നു പുലര്‍ച്ചെ നാലിനു നടതുറന്നു. രാവിലെ 9.30നുശേഷം മണ്ണാറശാല വലിയമ്മ സാവിത്രി അന്തര്‍ജനം നിലവറയ്ക്കു സമീപം ഭക്തര്‍ക്കു ദര്‍ശനം നല്‍കും. ശ്രീകോവിലില്‍ കുടുംബകാരണവര്‍ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കലശാഭിഷേകവും തിരുവാഭരണം ചാര്‍ത്തിയുള്ള പ്രത്യേക പൂജകളും നൂറും പാലും നടക്കും. തുടര്‍ന്ന് ക്ഷേത്രനടയില്‍ വിവിധ മേള-വാദ്യങ്ങളാല്‍ സേവ തുടങ്ങും. ഉച്ചയ്ക്കു 2ന് ഹരിപ്പാട് അമൃത ഭജൻസിന്‍റെ ഭക്തിഗാനമഞ്ജരി. വൈകുന്നേരം നാലിന് കണ്ടിയൂര്‍ പ്രകാശും സംഘവും നാഗസ്വരലയമാധുരി അവതരിപ്പിക്കും. ആറിനു സംഗീതസംവിധായകൻ പി.ആര്‍. മുരളി നയിക്കുന്ന പുല്ലാങ്കുഴലീണം.
ആയില്യം മഹോത്സവത്തിന് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കെല്ലാം ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ തെക്കേനടയിലെ മണ്ണാറശാല യുപിഎസില്‍ ഇതിനായി പന്തല്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ പത്തോടെ പ്രസാദമൂട്ട് ആരംഭിക്കും.
പൂയം നാളായ ഇന്നലെ നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തി ചതുശ്ശതനിവേദ്യത്തോടെയുള്ള ഉച്ചപ്പൂജ കണ്ടുതൊഴാൻ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്.
മണ്ണാറശാല അമ്മയായിരുന്ന ഉമാദേവി അന്തർജ്ജനത്തിന്റെ സമാധിവർഷമായതിനാൽ ആധ്യാത്മിക പരിപാടികൾ മാത്രം ഉൾപ്പെടുത്തിയാണ് ഇത്തവണ ആയില്യ മഹോത്സവം നടക്കുന്നത്.