Ormakalode Gireesh Sir…

ഈ വാർത്ത ഷെയർ ചെയ്യാം

മലയാളികള്‍ക്ക് എന്നും ഹൃദയത്തില്‍ സൂക്ഷിച്ചു വെയ്ക്കാന്‍ കഴിയുന്ന ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി ഓര്‍മ്മയായിട്ട് ഇന്ന് 15 വര്‍ഷം.

തന്റെ അക്ഷരങ്ങളിലെ മായാജാലങ്ങളിലൂടെ അത്ഭുതം തീര്‍ത്ത ഗിരീഷ് പുത്തഞ്ചേരി ഇന്നും മലയാളികളുടെ മനസിലുണ്ട്. ആദ്യകാലങ്ങളില്‍ ആകാശവാണിയിലും റേഡിയോയിലും പാട്ടെഴുതിയിരുന്ന അദ്ദേഹം ജോണിവാക്കര്‍, ദേവാസുരം എന്നീ ചിത്രങ്ങളിലെ ഗാനരചനയിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടംപിടിച്ചു. പിന്നീടങ്ങോട്ട് കഥകളും നാട്ടുവിശേഷങ്ങളും ഗൃഹാതുരത്വ ഓര്‍മ്മകള്‍ തുളുമ്പുന്ന പാട്ടുകളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്.

രണ്ട് പതിറ്റാണ്ടിനിടെ 1500 ലേറെ ഗാനങ്ങള്‍ രചിച്ച ഗിരീഷ് പുത്തഞ്ചേരി ഏഴ് സംസ്ഥാന അവാര്‍ഡുകളും സ്വന്തമാക്കി. പ്രണയവും വിരഹവും വാത്സല്യവും നിറഞ്ഞതായിരുന്നു പുത്തഞ്ചേരിയുടെ സംഗീത പരീക്ഷണങ്ങള്‍.

ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു, ആറാം തമ്പുരാനിലെ ഹരിമുരളീരവവും..പാടി തൊടിയിലാരോ, കന്മദത്തിലെ മൂവന്തി താഴ്‌വരയില്‍, പ്രണയവര്‍ണങ്ങളിലെ കണ്ണാടികൂടും കൂട്ടി, സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ഒരു രാത്രി കൂടി വിടവാങ്ങവെ, എത്രയോ ജന്മമായ് എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത ഒട്ടനവധി ഗാനങ്ങളിലൂടെ അദ്ദേഹം ഹൃദയത്തെ തൊട്ടു. ഇളയരാജ, രവീന്ദ്രന്‍ മാസ്റ്റര്‍, എ.ആര്‍ റഹ്മാന്‍ തുടങ്ങി ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രമുഖരുടെ ഈണങ്ങള്‍ക്കും ഗിരീഷ് പുത്തഞ്ചേരി വരികളെഴുതി. വടക്കുംനാഥന്‍, മേലേപ്പറമ്പില്‍ ആണ്‍വീട്, കിന്നരിപ്പുഴയോരം, പല്ലാവവൂര്‍ ദേവനാരായണന്‍ എന്നീ ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചു.

കാലങ്ങള്‍ പഴകുംതോറും വീര്യം കൂടുന്നതായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടെ രചനയുടെ മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ കാലം മായ്ക്കാത്ത ആ അനുഗ്രഹീത കാലാകാരനെ ഓര്‍ത്തിരിക്കാന്‍ അദ്ദേഹത്തിന്റെ ഒരുപിടി ഗാനങ്ങള്‍ മാത്രം മതി.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!