കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ച് മണിക്കൂറുകള്‍ക്കകമാണ് ഡൊണള്‍ഡ് ട്രംപിന്റെ വാഗ്ദാനം.
ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് 53 കാരനായ ട്രൂഡോ തിങ്കളാഴ്ച രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ട്രൂഡോയുടെ ജനപ്രീതി ഇടിഞ്ഞ പശ്ചാത്തലത്തിലാണ് ലിബറല്‍ പാര്‍ട്ടിയുടെ നീക്കം.കാനഡയിലെ പലരും 51-ാമത്തെ സംസ്ഥാനമാകാന്‍ ഇഷ്ടപ്പെടുന്നു. കാനഡയ്ക്ക് നിലനില്‍ക്കാന്‍ ആവശ്യമായ വലിയ വ്യാപാരക്കമ്മിയും സബ്സിഡിയും ഇനി അമേരിക്കയ്ക്ക് സഹിക്കാന്‍ കഴിയില്ല. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇത് അറിയാമായിരുന്നു, അദ്ദേഹം രാജിവച്ചു,’- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
”കാനഡ യുഎസില്‍ ലയിച്ചാല്‍, താരിഫുകള്‍ ഉണ്ടാകില്ല, നികുതികള്‍ വളരെയധികം കുറയും, കൂടാതെ അവരെ ചുറ്റിപ്പറ്റിയുള്ള റഷ്യന്‍, ചൈനീസ് കപ്പലുകളുടെ ഭീഷണിയില്‍ നിന്ന് അവര്‍ പൂര്‍ണ്ണമായും സുരക്ഷിതരായിരിക്കും. ഒരുമിച്ച്, എത്ര മഹത്തായ രാഷ്ട്രമായിരിക്കും അത്”- ട്രൂഡോയുടെ രാജിക്ക് ശേഷം ട്രംപ് പറഞ്ഞു.