കെ.എം അച്യുതൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി
ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി മലപ്പുറം എടപ്പാൾ മുതൂർ കവ്രപമാറത്ത് മനയിൽ കെ.എം അച്യുതൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു
ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് കെ.എം അച്യുതൻ നമ്പൂതിരിക്ക് ശ്രീഗുരുവായൂരപ്പൻ്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്. ഉച്ചപൂജ നിർവ്വഹിച്ച മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തിൽ വെച്ച് വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്.
മേൽശാന്തി തെരഞ്ഞെടുപ്പിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 51പേരിൽ 44 പേർ ഹാജരായി. ഇവരിൽ നിന്നും യോഗ്യത നേടിയ 38 പേരുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷമാണ്നറുക്കിട്ടത്. തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാർച്ച് 31 ന് അടയാളചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി