സമൂഹമാധ്യമങ്ങളില്‍ തന്റെ മരണ വാര്‍ത്ത പ്രചരിക്കുന്നതിനെ പരിഹസിച്ച് ഗായകന് ജി വേണുഗോപാല്‍. ഒരു വര്‍ഷത്തില്‍ രണ്ടു തവണ മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു താന്‍ എന്ന മുഖവുരയോടെയാണ് സൂമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചത്.
വേണുഗോപാലിന്റെ കുറിപ്പിന്റെ പൂർണ രൂപം;
അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ😅. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ” ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്….” എന്ന ശീർഷകത്തോടെ അയച്ച് തന്നത്.
ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ….