ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. 88 വയസായിരുന്നു. വത്തിക്കാൻ സാന്താമാർത്തയിലെ വസതിയിൽ തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.35നായിരുന്നു അന്ത്യം. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയായ ഫ്രാൻസിസ് ഈയിടെ ആശുപത്രിവാസം കഴിഞ്ഞ് ഔദ്യോഗിക ചുമതലകൾ നിർവഹിച്ചുവരികയായിരുന്നു. ജനകീയനായിരുന്ന പാപ്പയുടെ വിയോഗം ലോകത്തെയാകെ ദുഃഖത്തിലാക്കി.
2013 മാർച്ച് 13നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266-ാമത് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. അർജന്റീനക്കാരനായ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. സഭയിൽ നിരവധി പുതിയ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. മാറ്റത്തിന്റെ പാപ്പ എന്നായിരുന്നു മാധ്യമങ്ങൾ ഫ്രാൻസിസ് മാർപാപ്പയെ വിശേഷിപ്പിച്ചിരുന്നത്.
ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ റെയിൽവേ ജീവനക്കാരനായ മരിയോ ജോസ് ബെർഗോളിയോയുടെയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ 17നാണ് ഫ്രാൻസിസ് മാർപാപ്പയുടെ ജനനം. ഹോർഹെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർഥ പേര്. ചെറുപ്പകാലത്തുണ്ടായ അണുബാധയെ തുടർന്ന് അദ്ദേഹത്തിന് ഒരു ശ്വാസകോശം നഷ്ടമായിരുന്നു. ബ്യൂണസ് ഐറിസ് സർവ്വകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയതിന് ശേഷം ബെർഗോളിയോ സെമിനാരിയിൽ ചേരുകയായിരുന്നു.
1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ച അദ്ദേഹം തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റ് നേടിയിട്ടുണ്ട്. 1967 ബെർഗോളിയോ ദൈവശാസ്ത്രപഠനം പൂർത്തിയാക്കി. 1969 ഡിസംബർ 13ന് വൈദികപട്ടം സ്വീകരിച്ചു. സാൻ മിഗേൽ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്വശാസ്ത്ര വിഭാഗത്തിൽ നിന്ന് മാസ്റ്റർ ബിരുദം സമ്പാദിച്ച ബെർഗോളിയോ അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി. 1973-1979 കാലഘട്ടത്തിൽ ഈശോസഭയുടെ അർജന്റീന പ്രൊവിൻഷ്യൽ ആയി.
പിന്നീട് സാൻ മിഗേൽ സെമിനാരി അധിപനായി 1980ൽ സ്ഥാനമേറ്റെടുക്കുകയും 1988 വരെ ആ പദവിയിൽ തുടരുകയും ചെയ്‌തു. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഫെബ്രുവരി 28ന് രാജിവച്ചതിനെത്തുടർന്നുണ്ടായ പുതിയ തെരഞ്ഞെടുപ്പിലാണ് കർദ്ദിനാൾ ബെർഗോളിയോയെ ആഗോളസഭയുടെ മാർപാപ്പയായി തെരഞ്ഞെടുക്കുന്നത്.
സ്വവർഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്മചര്യം, കൃത്രിമ ജനനനിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ പുരോഗമന സമീപനം കൈകൊണ്ട വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. എന്നാൽ അതേസമയം ഗർഭഛിദ്രത്തെ എതിർക്കുകയും ചെയ്‌തിരുന്നു.