ജപ്പാനിലെ ക്യുഷി മേഖലയിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഹ്യൂഗ- നാഡ കടലിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 36 കിലോ മീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്നു ജപ്പാൻ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
നാശനഷ്ടമോ, ആളപായമോ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തു പലയിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നു മുന്നറിയിപ്പിൽ പറയുന്നു. ആളുകൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.മേഖലയിലെ രണ്ട് ബീച്ചുകളിൽ ഏതാണ്ട് 20 സെന്റി മീറ്റർ നീളമുള്ള രണ്ട് ചെറിയ സുനാമി തിരകൾ അടിച്ചതായി കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി. നിലവിൽ കടൽ ശാന്തമാണെന്നും കപ്പൽ സർവീസുകളും ഗതാഗതവും മുടക്കമില്ലാതെ തുടരുന്നതായും ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.