ജസ്റ്റിസ് സൂര്യകാന്തിനെ ഇന്ത്യയുടെ 53ാമത് ചീഫ് ജസ്റ്റിസായി നിയമിച്ചതായി നിയമന്ത്രാലയം അറിയിച്ചു. ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ പിന്‍ഗാമിയായി അദ്ദേഹം നവംബര്‍ 24ന് സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ ഹരിയാനയില്‍ നിന്നുള്ള ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകും അദ്ദേഹം.
ജസ്റ്റിസ് സൂര്യകാന്തിനെ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ അഭിനന്ദിച്ചു. തന്റെ പിൻഗാമിയായി നിലവിലെ ചീഫ് ജസ്റ്റിസ് ബിആർ ഗവായ് ജസ്റ്റിസ് സൂര്യകാന്തിനെ കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. 2027 നവംബര്‍ ഒമ്പതിന് പടിയിറങ്ങുംവരെ അദ്ദേഹത്തിന് പദവിയില്‍ തുടരാം.
1962 ഫെബ്രുവരി പത്തിന് ഹരിയാണയിലെ ഹിസാര്‍ ജില്ലയില്‍ ജനിച്ച സൂര്യകാന്ത് റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ നിന്നാണ് നിയമബിരുദം നേടിയത്. ആദ്യം ജില്ലാ കോടതികളിലും പിന്നീട് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്ത അദ്ദേഹം 38-ാം വയസ്സില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അഡ്വക്കേറ്റ് ജനറലുമായി.
