Entertainment

അഷ്ടമി ദിനത്തില്‍ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.

തിരുവനന്തപുരം : സാന്ത്വനം സീരിയൽ നടി ഗോപിക അനിലും ,നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും വിവാഹിതരാവുന്നു. അഷ്ടമി ദിനത്തില്‍ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിള്‍ പങ്കെടുത്തത്. മകരമാസത്തിലാണ് കല്യാണം.

‘ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹനിശ്ചയമാണ്. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെയാണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്‌നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ.. സസ്‌നേഹം ഗോവിന്ദ് പത്മസൂര്യ, ഗോപിക അനില്‍’ എന്ന കുറിപ്പിലാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.

ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ ടിവി അവതാരകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. എം.ജി. ശശി സംവിധാനം ചെയ്ത ‘അടയാളങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഡി 4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹം ജനപ്രീതിനേടി. ഡാഡികൂള്‍, ഐജി, വര്‍ഷം, പ്രേതം 2 തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.

അനില്‍ ബീന ദമ്പതിമാരുടെ മകളാണ് ഗോപിക. ബാലതാരമായാണ് അഭിനയരംഗത്ത് എത്തിയത്. ബാലേട്ടന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മൂത്ത മകളായി വേഷമിട്ടത് ഗോപികയായിരുന്നു. സാന്ത്വനം എന്ന സീരിയലില്‍ നായികയായി എത്തിയതോടെയാണ് താരം ശ്രദ്ധേയയാവുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിക്കുന്നത്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയ ഗോപിക ആയുവേദ ഡോക്ടര്‍ കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *