തിരുവനന്തപുരം: ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിയമനക്കോഴ കേസില്‍ കാര്യങ്ങളെല്ലാം ഇപ്പോള്‍ വ്യക്തമായല്ലോ എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങളോടു പ്രതികരിക്കവേയാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചത്.
പൊലീസുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല. എന്നാല്‍ കേസ് സംബന്ധിച്ചു കാര്യങ്ങളെല്ലാം വ്യക്തമായല്ലോ എന്നും മാധ്യമങ്ങള്‍ തന്നെ അക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തല്ലോയെന്നും അദ്ദേഹം പറഞ്ഞു.
‘കേസുമായി ബന്ധപ്പെട്ട് ആ റിപ്പോര്‍ട്ട് കാണുമ്പോള്‍ നമ്മള്‍ എങ്ങോട്ടാണ് പോകുന്നതെന്നു ആലോചിക്കേണ്ടതുണ്ട്. സ്വയം വിമര്‍ശനപരമായി അതു പരിശോധിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.’
‘നേരേ ചൊവ്വേ നടക്കുന്ന ഒരു വകുപ്പിനെ, നമ്മെ സംബന്ധിച്ചു അഭിമാനകരമായ ഒരു വകുപ്പിനെ ബോധപൂര്‍വം താറടിച്ചു കാണിക്കാനുള്ള ശ്രമം ഏതോ കേന്ദ്രത്തില്‍ നിന്നു ഉണ്ടാകുന്നു. നിപയൊക്കെ കൈകാര്യം ചെയ്തതിന്റെ തുടര്‍ച്ചയായി വരുമ്പോ കേരളത്തിന്റെ ആരോഗ്യ മേഖലയെ പ്രത്യേകമായി ശ്രദ്ധിക്കുമല്ലോ.’
‘അങ്ങനെ യശസോടെ നില്‍ക്കുന്ന ഘട്ടത്തിലാണല്ലോ തീര്‍ത്തും വ്യാജമായ ഒരു കാര്യം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ശ്രമം നടക്കുന്നത്. ഇല്ലാത്തൊരു കാര്യം കെട്ടിച്ചമക്കാന്‍ ശ്രമം നടന്നതായി ഇപ്പോ വ്യക്തമായിട്ടുണ്ട്. ഈ പറഞ്ഞ വ്യക്തികള്‍ക്കെല്ലാം അതില്‍ പങ്കുണ്ടെന്നു അവര്‍ സമ്മതിച്ചതായാണ് വാര്‍ത്ത കാണുന്നത്. അവരുടെ അടുത്തേക്ക് എത്താന്‍ ഇനി വേറെ ആരെങ്കിലും ഉണ്ടോ എന്നാണ് ഇനി കണ്ടെത്താനുള്ള കാര്യം. അതെന്തായാലും പരിശോധിച്ചു കാണട്ടെ. ഉണ്ടോ, ഇല്ലയോ എന്നതു ഇപ്പോ എനിക്കു പറയാന്‍ കഴിയുന്ന കാര്യമല്ല.’
‘പക്ഷേ നമ്മുടെ നാട്ടിലെ പ്രചാരണ സംവിധാനങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതാണ്. ഇതുപോലൊരു കള്ള വാര്‍ത്തക്ക്, ബോധപൂര്‍വ സൃഷ്ടിച്ച ഒരു കള്ള കാര്യം അതിനു വലിയ പ്രാധാന്യമാണല്ലോ നമ്മളെല്ലാം കൊടുത്തത്. പ്രചാരണ സംവിധാനമായി എന്തെല്ലാം കാര്യങ്ങള്‍ ഇവിടെയുണ്ടോ അതെല്ലാം ഇതിനായി ഒരുങ്ങുകയല്ലേ ചെയ്തത്. ഇത് നമ്മള്‍ ഇങ്ങനെയാണോ തുടരേണ്ടത് എന്നത് സ്വയം വിമര്‍ശനപരമായി ആലോചിക്കുന്നത് നല്ലതാണ്.’
‘ഇതു ഗവണ്‍മെന്റിന്റെ പ്രശ്‌നവും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തെ താറടിക്കുന്നതിന്റെ മാത്രം പ്രശ്‌നവുമല്ല. നമ്മുടെ നാടിനെയാണ് ഇതിന്റെ ഭാഗമായി താറടിക്കാന്‍ നോക്കുന്നത്. രാഷ്ട്രീയപരമായ വിമര്‍ശനങ്ങള്‍ അതു നല്ല വിമര്‍ശനമാണെങ്കില്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാണ്. ഏതെങ്കിലും വീഴ്ചകളും കുറവുകളുമുണ്ടെങ്കില്‍ പരിഹരിക്കാന്‍ അതു സഹായിക്കും.’
‘അതിനു പകരം ഇതു എങ്ങനെയും ഇടിച്ചു താഴ്‌ത്തേണ്ട ഗവണ്‍മെന്റാണ്. അതിനു ഇല്ലാത്ത കഥകളുമായി പുറപ്പെട്ടാല്‍ എങ്ങനെയിരിക്കും’- മുഖ്യമന്ത്രി പറഞ്ഞു.
കെപിസിസി യോഗത്തില്‍ പിആര്‍ വിദഗ്ധനെ വിളിച്ചു വരുത്തി എതു വിധത്തില്‍ പ്രവര്‍ത്തനം വേണമെന്നു ആലോചിച്ചതിനെ ചൂണ്ടിക്കാട്ടിയും മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചു.
‘അദ്ദേഹത്തെ കൊണ്ടു വന്നു ഏതു തരത്തിലുള്ള പ്രവര്‍ത്തനമാണ് എന്തു പ്രവര്‍ത്തനമാണ്. കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള ഇല്ലാ കഥകള്‍ ഉണ്ടാക്കുകയാണ്. അതിനായി ആളുകളെ ഈ രാഷ്ട്രീയ പാര്‍ട്ടി നിയോഗിക്കുകയാണ്. അതിനായി വലിയ തോതില്‍ പണം ചെലവഴിക്കുന്നു. അതെല്ലാം ഏറ്റെടുക്കാന്‍ ചിലരെ പ്രലോഭിപ്പിക്കുകയാണ്. ഇത് സ്വീകാര്യമാണോ എന്നു നാം ആലോചിക്കേണ്ടതുണ്ട്’- മുഖ്യമന്ത്രി വ്യക്തമാക്കി.