Kerala News

ദേശീയപാതയില്‍ വ്യാഴാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം.

കൊച്ചി: അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയപാതയില്‍ വ്യാഴാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം.ആലപ്പുഴ ജില്ലയിലെ തുറവൂര്‍ മുതല്‍ എറണാകുളം ജില്ലയിലെ കുണ്ടന്നൂര്‍ വരെ ഗതാഗതം ക്രമീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ ഹെവി ചരക്ക് വാഹനങ്ങളും വഴി തിരിച്ചുവിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നവംബര്‍ 2 വ്യാഴം മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ദേശീയപാതയില്‍ എറണാകുളം ജില്ലയില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനും വഴി തിരിച്ചു വിടുന്നതിനുമാണ് തീരുമാനം. ദേശീയ പാത വികസനം നാടിന്റെ വികസനത്തിന് ആവശ്യമായതിനാല്‍ വ്യാപാരി വ്യവസായികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍, പൊതുഗതാഗത മേഖലാ വാഹന ഉടമകളും ജീവനക്കാരും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

എല്ലാ ഹെവി വാഹനങ്ങളും ചുവടെ ക്രമീകരിച്ചതു പോലെ യാത്ര ചെയ്യണം:

പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ വഴി കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വരുന്ന കാര്‍ഗാഡി പോലുളള കണ്ടെയ്നറൈസ്ഡ് ബോഡി 4.5 മീറ്ററിനു മുകളില്‍ ഉയരമുളള എല്ലാ ചരക്കു വാഹനങ്ങളും അങ്കമാലി എംസി റോഡ് വഴി തിരിഞ്ഞു പോകണം.

വളരെ വലിപ്പമുളള കാര്‍ഗാഡി പോലുളള കണ്ടെയ്നറൈസ്ഡ് ബോഡി, വലിയ ക്ലോസ്ഡ് ട്രെയ്ലറുകള്‍ നിര്‍ബന്ധമായും അങ്കമാലിയില്‍ നിന്നും എംസി റോഡ് വഴി തിരുവനന്തപുരം ഭാഗത്തേക്കും, അവിടെ നിന്നും തിരിച്ചുള്ളവയും ഇതേവഴി ഗതാഗത സംവിധാനം പ്രയോജനപ്പെടുത്തണം. അരൂര്‍ വഴിയുള്ള ഇത്തരം വാഹനങ്ങളുടെ ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കര്‍ശനമായും നിരോധിച്ചു.

എറണാകുളം ജില്ലയില്‍ നിന്നും ആലപ്പുഴ ജില്ലയിലേക്ക് പോകുന്ന 4.5 മീറ്ററിനു മുകളില്‍ ഉയരമുളള ചരക്ക് വാഹനങ്ങള്‍ അരൂര്‍ ക്ഷേത്രം ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി വഴി തുറവൂര്‍ എത്തി ദേശീയപാതയില്‍ യാത്ര തുടരാം. 4.5 മീറ്ററിനു താഴെ ഉയരമുളളതും 5.5 മീറ്ററിനു താഴെ വീതിയുള്ളതുമായ വാഹനങ്ങള്‍ക്ക് അരൂര്‍-തുറവൂര്‍ ദേശീയ പാതയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടങ്ങളില്‍ ഇരുവശങ്ങളിലായി ഗതാഗത തടസം വരുത്താത്ത രീതിയില്‍ കടന്നു പോകാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും വരുന്ന 4.5 മീറ്റര്‍ വരെ ഉയരമുള്ള കണ്ടെയ്നര്‍ ലോറികളും മറ്റു വലിയ ചരക്കു വാഹനങ്ങളും ആലപ്പുഴ ജില്ലയില്‍ തുറവൂരില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എഴുപുന്ന, കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി ബി.ഒ.ടി പാലം, വില്ലിംഗ്ടണ്‍ ഐലന്റ്, അലക്സാണ്ടര്‍ പറമ്പിത്തറ പാലം, യു.പി.പാലം വഴി കുണ്ടന്നൂര്‍ ജംഗ്ഷന്‍ വന്ന് ഇടത്തോട്ട് തിരിഞ്ഞ് ദേശീയപാത 66 ല്‍ യാത്ര തുടരാം.

വഴി തിരിച്ചു വിടുന്ന റോഡുകളില്‍ കൂടി ഇരു ദിശകളിലും കൂടി കടന്നുപോകുന്ന ചരക്കു വാഹനങ്ങള്‍ റോഡ് നശീകരണം വരുത്താതിരിക്കുവാന്‍ അമിതഭാരം ഒഴിവാക്കണം. ഇത് പരിശോധിച്ച് നടപടിയെടുക്കുവാന്‍ മോട്ടോര്‍ വാഹനവകുപ്പ് പോലീസ് എന്നിവരെ ചുമതലപ്പെടുത്തി.

ഗതാഗതം നിയന്ത്രിച്ചിരിക്കുന്ന എല്ലാ റോഡുകളിലേയും കൈയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കി നല്‍കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും ദേശീയപാത അതോറിറ്റിക്കും കരാര്‍ കമ്പനിക്കും ആയിരിക്കും.

വഴി തിരിച്ചുവിടുന്ന റോഡുകളില്‍ കൂടി ഇരുദിശകളിലും കൂടി കടന്നുപോക വാഹനങ്ങള്‍ റോഡ് നശീകരണം വരുത്താതിരിക്കുവാന്‍ അമിതഭാരം പരിശോധിച്ച് നടപടിയെടുക്കുവാന്‍ മോട്ടോര്‍ വാഹനവകുപ്പ്, പോലീസിനെ ചുമതലപ്പെടുത്തി.

കരാര്‍ കമ്പനിയായ അശോക ബില്‍ഡ് കോണ്‍ ലിമിറ്റഡ് ഗതാഗതം തിരിച്ചു വിടുന്നത് സംബന്ധമായ കൃത്യമായ അറിയിപ്പു ബോര്‍ഡുകള്‍ തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ് മുതല്‍ തെക്കോട്ടുളള എല്ലാ സ്ഥലങ്ങളിലും, എറണാകുളം ജില്ലയില്‍ വഴി തിരിച്ചു വിടുന്ന ഇട റോഡുകളിലും സ്ഥാപിക്കുന്നതിനും ആവശ്യമായ ഫീല്‍ഡുമാര്‍ഷല്‍ മാരെ നിയമിക്കുന്നതിനും റിഫ്ളക്ടര്‍ സിഗ്നല്‍ ലൈറ്റുകളും, മറ്റ് സൂചന ബോര്‍ഡുകളും വ്യക്തമായി കാണുംവിധം സ്ഥാപിക്കണം.

ഗതാഗതം തിരിച്ചു വിടുന്നതിനും അങ്കമാലി മുതല്‍ ബന്ധപ്പെട്ട കരാര്‍ കമ്പനി ജീവനക്കാരെ ചുമതലപ്പെടുത്തേണ്ടതും, പോലീസ് മേധാവികള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്. അമിതമായി ഉയരമോ വീതിയോ ഇല്ലാത്തതും, ലൈറ്റ്, മീഡിയം വാഹനങ്ങള്‍ ഇരു ദിശകളിലും ദേശീയപാതയില്‍ യാത്ര ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *