തൃശൂർ : സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പാലക്കാടിന്റെ പി അഭിറാമും ജി താരയും വേഗതയേറിയ താരങ്ങളായി.
സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിലാണ് മതൂർ സി എഫ് ഡി വി എച്ച് എസ് എസിലെ അഭിറാം സ്വർണം നേടിയത്. 11.10 സെക്കൻഡ് സമയം കൊണ്ടാണ് അഭിരാം ഓടിയെത്തിയത്. പെൺകുട്ടികളിൽ ജി താര സ്വർണമണിഞ്ഞു. 12.35 സെക്കൻഡിലാണ് താര ഫിനിഷിംഗ് ലൈൻ തൊട്ടത്. മീറ്റിൽ അഭിറാമിന്റെ രണ്ടാം സ്വർണമാണിത്. 400 മീറ്ററിലാണ് അഭിറാമിന്റെ മറ്റൊരു സ്വർണ നേട്ടം.
ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ കീരംപാറ സെന്റ് സ്റ്റീഫൻസ് എച്ച് എസ് എസിലെ അൻസാഫസ് അഷ്റഫാണ് വേഗതയേറിയ താരം. 11.15 സെക്കൻഡ് സമയം കൊണ്ടാണ് അൻസാഫ് ലക്ഷ്യം കൈവരിച്ചത്. പെൺകുട്ടികളിൽ ഇതേ സ്കൂളിലെ തന്നെ അൽഫോൻസ തെരേസ സ്വർണം നേടി. വേഗം 12.29 സെക്കൻഡ്.