കൊല്‍ക്കത്ത: വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സിലെ മണ്ണില്‍ ആ ചരിത്ര സെഞ്ച്വറി സ്വന്തമാക്കി വിരാട് കോഹ്‌ലി.
ഏകദിനത്തില്‍ 49 സെഞ്ച്വറികളെന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടത്തിനൊപ്പം വിരാട് കോഹ്‌ലി തന്റെ പേരും എഴുതി ചേര്‍ത്തു. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ 119 പന്തില്‍ 100 റണ്‍സെടുത്താണ് കോഹ്‌ലി റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തിയത്. 10 ഫോറുകള്‍ സഹിതമായിരുന്നു അനുപമ ഇന്നിങ്‌സ്.
മുപ്പത്തി അഞ്ചാം പിറന്നാള്‍ ദിനത്തിലാണ് ഉജ്ജ്വല നാഴികക്കല്ലില്‍ തന്റെ പേരും കോഹ്‌ലി എഴുതി ചേര്‍ത്തത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറികളില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ താരമെന്ന അനുപമ റെക്കോര്‍ഡിനു തൊട്ടരികില്‍ കോഹ്‌ലി എത്തി. ഈ ലോകകപ്പില്‍ തന്നെ അതു സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.