നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് വിജയം.
ബംഗളൂരു: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് വിജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിനാണ് വിജയം. മഴയെ തുടര്‍ന്ന് ഏറെ നേരം കളി തടസപ്പട്ടിരുന്നു. തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് പ്രകാരം പാകിസ്ഥാനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്ഥാന്‍ 25. 3 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി.
ഫഖര്‍ സമാന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ അര്‍ധ സെഞ്ച്വറിയുമാണ് പാക് വിജയത്തില്‍ നിര്‍ണായകമായത്. ഓപ്പണര്‍ അബ്ദുല്ല ഷഫീഖിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസം എത്തിയതോടെ കരുതലോടെയാണ് പാകിസ്ഥാന്‍ കളിച്ചത്. ഒരറ്റത്ത് അസം ശ്രദ്ധയോടെ ബാറ്റിങ് തുടങ്ങിയപ്പോള്‍ സമാന്‍ ആക്രമിച്ച് കളിച്ചു. 63പന്തില്‍ സമാന്‍ സെഞ്ച്വറി അടിച്ചു. കളി 25.3 ഓവര്‍ പിന്നിടുമ്പോള്‍ പാകിസ്ഥാന്‍ ഒരുവിക്കറ്റിന് 200 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴ കളി വീണ്ടും തടസപ്പെടുത്തിയത്. സൗത്തിയാണ് ഷഫീഖിനെ വീഴ്ത്തിയത്. 81 ബോളില്‍ നിന്ന് സമാന്‍ 126 റണ്‍സ് നേടിയപ്പോള്‍ അസം 63 ബോളില്‍ നിന്ന് 66 റണ്‍സ് നേടി.