‘നിള’ ബഹിരാകാശത്ത് കേരളത്തിന്റെ കയ്യൊപ്പ്. കേരളത്തില്‍ നിര്‍മിച്ച ഉപഗ്രഹം ബഹിരാകാശത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ജര്‍മന്‍ പഠനോപകരണവുമായി സ്‌പേസ് എക്‌സിന്റെ ട്രാന്‍സ്‌പോര്‍ട്ടര്‍ 13 ദൗത്യത്തില്‍ മാര്‍ച്ച് 15 നാണ് ആണ് ടെക്‌നോപാര്‍ക്കിലെ ചെറുകിട ഉപഗ്രഹ നിര്‍മാണ കമ്പനിയായ ഹെക്‌സ് 20യുടെ ‘നിള’ എന്ന ഉപഗ്രഹം ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായത്.
ജര്‍മന്‍ കമ്പനിയായ ഡിക്യൂബ്ഡിന്റെ ആക്‌ച്വേറ്റര്‍ എന്ന പേലോഡ് വഹിച്ച ‘നിള’ ചരിത്രം കുറിച്ചുകഴിഞ്ഞു. മറ്റു കമ്പനികളുടെ പേലോഡ് വഹിക്കുന്നതും ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ നിര്‍മിച്ചതുമായ ആദ്യ ഉപഗ്രഹം കൂടിയാണ് നിള. വിക്ഷേപണത്തിന് പിന്നാലെ മാര്‍ച്ച് 16 ന് തിരുവനന്തപുരത്തെ മരിയന്‍ എഞ്ചിനീയറിങ്ങ് കോളേജിലെ ഹെക്‌സ് 20 നിയന്ത്രണ കേന്ദ്രത്തിലേക്ക് പേടകം അതിന്റെ ആദ്യ സിഗ്നല്‍ നല്‍കുകയും ചെയ്തു.