തൃശൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ചുള്ള സ്വർണ്ണക്കോലം എഴുന്നള്ളത്ത് ഇന്ന് മുതൽ ദശമിവരെ നടക്കും.വർഷത്തിൽ മൂന്ന് അവസരങ്ങളിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണ്ണക്കോലം എഴുന്നള്ളിക്കുക.
ഉത്സവത്തോടനുബന്ധിച്ചും അഷ്ടമി രോഹിണിദിനത്തിലും ഏകാദശി വിളക്കിൻറെ അവസാനത്തിൽ അഷ്ടമി, നവമി, ദശമി. ഏകാദശി ദിവസങ്ങളിലുമാണ് അമൂല്യമായ സ്വർണ്ണക്കോലം എഴുന്നള്ളിക്കുക.
പത്ത് കിലോയിലധികം സ്വർണ്ണത്തിൽ നിർമ്മിച്ചിട്ടുള്ളതാണ് കോലം. മരതകക്കല്ല് പതിച്ച കോലത്തിൽ 191 സ്വർണപ്പൂക്കളുമുണ്ട്.
ഗുരുവായൂർ ദേവസ്വത്തിൽ നേരത്തേയുണ്ടായിരുന്ന കൊമ്പൻ പത്മനാഭന് ലഭിച്ച വീരശൃഖലയും കോലത്തിൽ ചാർത്തിയിട്ടുണ്ട്. ഗോളകക്ക് ചുറ്റും ദശാവതാര പ്രഭാമണ്ഡലവുമുണ്ട്. ക്ഷേത്രത്തിൻറെ ഇരട്ട ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള കോലം കനത്ത സുരക്ഷയോടെയാണ് പുറത്തെടുക്കുക.