തിരുവനന്തപുരം: ചിറയിൻകീഴ് റെയില്‍വേ സ്റ്റേഷനിൽ വന്‍ വികസനക്കുതിപ്പിന് തുടക്കം.പ്രധാനമന്ത്രി ഗതിശക്തി മിഷന്റെ ഭാഗമായായുള്ള അമൃത് ഭാരത് സ്റ്റേഷന്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വികസനക്കുതിപ്പ്.
ഇതനുസരിച്ച് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെയും മറ്റ് അനുബന്ധ വികസന പ്രവർത്തനങ്ങളുടെയും രൂപരേഖ തയാറായി.പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ സ്ക്കെച്ചും മറ്റ് വിവരങ്ങളും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ലിഫ്റ്റ്, എക്‌സ്‌കലേറ്റര്‍, മേല്‍ക്കൂര നിര്‍മാണം, ശുചിമുറികളുടെയും വിശ്രമ മുറികളുടെയും എണ്ണം വര്‍ധിപ്പിക്കല്‍, ഇരിപ്പിടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കല്‍, ശുദ്ധജല വിതരണം സുഗമമാക്കുക എന്നിവയാണ് അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ നടപ്പിലാക്കുന്നത്.സ്റ്റേഷനുകളെ വികലാംഗ സൗഹൃദമാക്കും. പ്രവേശന കവാടം മുതല്‍ ഇതിനുള്ള സൗകര്യമൊരുക്കും.
ചിറയിന്കീഴിന് പുറമേ അമൃതഭാരത് റെയില്‍വെ സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റ് സ്റ്റേഷനുകള്‍ താഴെ പറയുന്ന പ്രകാരമാണ്.
തിരുവനന്തപുരം ഡിവിഷനില്‍ വടക്കാഞ്ചേരി, നാഗര്‍കോവില്‍ ജംഗ്ഷന്‍, ഗുരുവായൂര്‍, ആലപ്പുഴ, തിരുവല്ല, ചിറയിന്‍കീഴ്, ഏറ്റുമാനൂര്‍, കായംകുളം, തൃപ്പൂണിത്തുറ, ചാലക്കുടി, അങ്കമാലി (കാലടി), ചങ്ങനാശേരി, നെയ്യാറ്റിന്‍കര, കുഴിത്തുറ, മാവേലിക്കര എന്നീ സ്റ്റേഷനുകളെയാണ് അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഫറോക്ക്, വടകര, മാഹി, തലശ്ശേരി, പയ്യന്നൂര്‍, കാസര്‍കോട്, മാംഗ്ലൂര്‍ ജംഗ്ഷന്‍, പൊള്ളാച്ചി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പരപ്പനങ്ങാടി, അങ്ങാടിപ്പുറം, നിലമ്പൂര്‍, കുറ്റിപ്പുറം, തിരൂര്‍, എന്നിവയാണ് പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകള്‍.