കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി താത്കാലിക ജീവനക്കാരെ നിയമിക്കുന്നു.

JOURNAL NEWS DESK

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ സിക്ക, ഡെങ്കു രോഗബാധ വര്‍ധിച്ചുവരുന്നതിനാല്‍ രോഗനിയന്ത്രണത്തിന്റെ ഭാഗമായി ഫോഗിങ്, സ്പ്രേയിങ്, ഉറവിട നശീകരണം തുടങ്ങിയ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു.

18നും 45നും മധ്യേ പ്രായമുള്ളവരും ഫോഗിങ്, സ്പ്രേയിങ് തുടങ്ങിയവ നടത്തി പരിചയമുള്ളവരും ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 26നു വൈകിട്ട് അഞ്ചിനു മുന്‍പ് dmohealthasection@gmail.com എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. അഭിമുഖം നടത്തുന്ന തീയതി, സമയം എന്നിവ ഫോണ്‍ മുഖാന്തിരം അപേക്ഷകരെ അറിയിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.